പെരുമ്പാവൂര്‍: ജനവാസ മേഖലയിലെ പ്രധാന ജലസ്രോതസ്സായ തോട് കൈയേറി പാടം നികത്താന്‍ ശ്രമമെന്ന് ആക്ഷേപം. വല്ലം കൊച്ചങ്ങാടി ഭാഗത്താണ് തോട് കൈയേറി പാടം നികത്തുന്നത്. കൊച്ചങ്ങാടിയിലെ കമ്പനികളുടെ പരിസരത്തുള്ള പാടം നിലവില്‍ പ്ലൈവുഡ് കമ്പനികളിലെ ചാരവും മണ്ണും ഇട്ട് കുറേ ഭാഗം നികത്തി. കുടിവെള്ള സ്രോതസ്സായ പെരിയാറിന്റെ കൈവഴിയായ വല്ലം തോടിലേക്ക് കമ്പനികളിലെ മലിനജലം ഒഴുക്കാൻ നീക്കം നടക്കുന്നതായും നാട്ടുകാര്‍ പറയുന്നു. പ്ലൈവുഡ്, പ്ലാസ്റ്റിക് കമ്പനികളിലെ മലിനീകരണം മൂലം ജനം പൊറുതിമുട്ടുന്ന പ്രദേശമാണ് വല്ലം. പാടം നികത്തിയാണ് ചില കമ്പനികൾ നിര്‍മിച്ചിരിക്കുന്നത്. തോട് കൈയേറ്റവും നടന്നിട്ടുണ്ട്. നീരൊഴുക്ക് തടസ്സപ്പെട്ടതോടെ മഴ പെയ്താല്‍ വെള്ളം റോഡിലേക്കും വീടുകളിലേക്കും കയറും. 2018ലും 2019ലും ഉണ്ടായ വെള്ളപ്പൊക്കം പ്രദേശത്തെ സാരമായി ബാധിച്ചിരുന്നു. ഈ സഹചര്യത്തില്‍ മേഖലകളിലെ പാടശേഖരങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങൾ നടത്താന്‍ അനുവദിക്കില്ലെന്നും ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
ജനവാസ മേഖലയിലെ തോട് കൈയേറി പാടം നികത്താന്‍ ശ്രമം

Estimated read time
0 min read