നെടുമ്പാശ്ശേരി: ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. പെരുമ്പാവൂർ കോടനാട് കുറിച്ചിലക്കോട് ഗീതാഗോവിന്ദത്തിൽ രാജേഷ് ബി മേനോൻ (48) നെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്. നെടുമ്പാശേരി സ്വദേശിയെ ബിസിനസിൽ പങ്കാളിയാക്കാമെന്ന് 35 ലക്ഷം രൂപ ഇയാൾ കൈക്കലാക്കുകയായിരുന്നു.
കോടനാട് സ്വദേശി ചാർളിയിൽ നിന്ന് ഒമ്പത് ലക്ഷം രൂപയും കാലടി സ്വദേശി പോളിനെ പറ്റിച്ച് 11ലക്ഷം രൂപയും ജെയ്ബി കുര്യൻ എന്നയാളിൽ നിന്ന് 44 ലക്ഷം രൂപയും കലൂർ സ്വദേശിനിയിൽ നിന്ന് 44 ലക്ഷം രൂപയും കോടനാട് സ്വദേശി പോളിൽ നിന്ന് രണ്ടു ലക്ഷവും തട്ടിയെടുത്ത കേസുകളിൽ ഇയാൾ പ്രതിയാണ്. കോടനാട് ഫോറസ്റ്റ് റേഞ്ചിലും രാജേഷിനെതിരെ കേസുണ്ട്. കുറെ നാളായി ഒളിവിലായിരുന്നു.
കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് ലഭ്യമാകുന്ന വിവരം. ഇൻസ്പെക്ടർ ബി.കെ അരുൺ, എ.എസ്.ഐമാരായ രാജേഷ് കുമാർ, റോണി അഗസ്റ്റിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.