തൃപ്പൂണിത്തുറ: ഉദയംപേരൂർ കൊച്ചുപള്ളി ബി.എസ്.എൻ.എൽ റോഡിൽ സ്കൂട്ടറിലെത്തി സ്ത്രീയുടെ കഴുത്തിൽനിന്ന് സ്വർണമാല കവർച്ചചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് താമരശ്ശേരി പുതുപ്പാടി പുത്തൻവീട്ടിൽ അനസ് (28), ഇടുക്കി ഉടുമ്പൻചോല വട്ടപ്പാറ ഇടയാടിക്കുഴിയിൽ ലാൽമോഹൻ (34) എന്നിവരാണ് അറസ്റ്റിലായത്.
ഇടപ്പള്ളി അമൃത ഭാഗത്ത് വാടകവീട്ടിൽ താമസിച്ചുവന്നിരുന്ന ഇവർ വിവിധ സ്റ്റേഷനുകളിൽ സമാന സംഭവങ്ങൾക്ക് രജിസ്റ്റർ ചെയ്യപ്പെട്ട നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. 2023 ഡിസംബർ 12നാണ് കേസിനാസ്പദമായ സംഭവം. കൊച്ചുപള്ളി ബി.എസ്.എൻ.എൽ റോഡിലൂടെ മകനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ മാലയാണ് പൊട്ടിച്ചത്.
ഈ കേസിന് സമീപ ദിവസങ്ങളിലായി കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ സ്റ്റേഷൻ പരിധികളിൽ പ്രതികൾ കവർച്ച നടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ തെളിഞ്ഞു. സ്കൂട്ടറുകൾ വാടകക്കെടുത്ത് നമ്പർ പ്ലേറ്റിൽ മാറ്റംവരുത്തിയാണ് കൃത്യം നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.