ആലുവ: ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഉദ്ഘാടനത്തിന് ഒരുങ്ങി. ശനിയാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും.
പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാണ് ആധുനിക സൗകര്യങ്ങളോടെ ബസ് ടെർമിനൽ ആൻഡ് പാസഞ്ചർ അമിനിറ്റി സെന്ററിന്റെ നിർമാണം പൂർത്തീകരിച്ചത്. 30155 ചതുരശ്ര അടിയിൽ രണ്ടുനിലയിലായാണ് ടെർമിനൽ നിർമാണം.
18 ബസ് ബേകളടക്കം 30 ബസുകൾ പാർക്ക് ചെയ്യുന്നതിനും ഇരുചക്ര വാഹനങ്ങൾക്കുള്ള പാർക്കിങ് ഏരിയയും പുതിയ ബസ് സ്റ്റേഷനിലുണ്ട്. മലിന ജലം ശുദ്ധീകരിക്കാൻ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഡീസൽ, ഓയിൽ എന്നിവ കലർന്ന വെള്ളം ശുദ്ധീകരിക്കാൻ എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റും ഇതിനാവശ്യമായ അണ്ടർ ഗ്രൗണ്ട് ടാങ്ക്, വെള്ളം ഒഴുകി പോകുന്നതിന് ഡ്രൈവ് വേ വിത്ത് ഡ്രെയിൻ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
എം.എൽ.എയുടേത് വിലകുറഞ്ഞ പരാമർശം -സി.പി.എം
ആലുവ: നവീകരിച്ച ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഉദ്ഘാടന പോസ്റ്ററിലും നോട്ടീസിലും മുഖ്യമന്ത്രിയുടെയും ജില്ലയിലെ മന്ത്രി പി. രാജീവ്, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെയും ചിത്രങ്ങൾ ഒഴിവാക്കിയ വിഷയത്തിൽ അൻവർ സാദത്ത് എം.എൽ.എ നടത്തുന്നത് വിലകുറഞ്ഞ പരാമർശമാണെന്ന് സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. വി. സലിം. പ്രതിഷേധത്തിനെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തുകയാണ് എം.എൽ.എ.
സർക്കാർ ഫണ്ടായ 14.53 കോടി രൂപ ഉപയോഗിച്ചാണ് ബസ് സ്റ്റാൻഡ് നവീകരിച്ചത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 8.64 കോടിയും കെ.എസ്.ആർ.ടി.സി തനത് ഫണ്ടിൽ നിന്നും 5.89 കോടിയും ചെലവഴിച്ചായിരുന്നു നവീകരണം. സാമാന്യമര്യാദ അനുസരിച്ച് മുഖ്യമന്ത്രിയുൾപ്പടെയുള്ളവരുടെ ചിത്രങ്ങൾ നോട്ടീസിലും ബോർഡിലും വെക്കണമായിരുന്നു. സ്റ്റാൻഡ് നിർമാണം നിലക്കുകയും അനിശ്ചിതമായി നീളുകയും ചെയ്തപ്പോൾ സംസ്ഥാന സർക്കാറാണ് സഹായിച്ചത്. നിർമാണം അനന്തമായി നീണ്ടത് എം.എൽ.എയുടെ പിടിപ്പുകേടാണ്.
തനിക്കെതിരെ വ്യക്തിപരമായ ആരോപണം ഉന്നയിച്ച എം.എൽ.എ തെളിവ് ഹാജരാക്കണം. അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും സലിം പ്രസ്താവനയിൽ പറഞ്ഞു.
സി.പി.എം നേതാവിന്റെ നിലപാട് നിരാശ മൂലം –അൻവർ സാദത്ത് എം.എൽ.എ
ആലുവ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സി.പി.എം ജില്ല കമ്മിറ്റി അംഗം വി. സലിം ഉണ്ടാക്കുന്ന വിവാദങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പേരിലെ നിരാശയുടെ ഭാഗമാണെന്ന് അൻവർ സാദത്ത് എം.എൽ.എ.
2016ൽ താൻ രണ്ടാമത് നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ എതിർ സ്ഥാനാർഥിയായിരുന്ന സലീമിനെ ജനങ്ങൾ തോൽപ്പിച്ചതുമുതൽ ഈ നേതാവ് ആലുവയുടെ വികസനത്തിന് വിലങ്ങുതടിയായി പ്രസ്താവനകൾ ഇറക്കി ആത്മസംതൃപ്തി അടയുകയാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന്റെ നിർമാണം രാഷ്ട്രീയ ഇടപെടലിലൂടെ ഇത്രയും വൈകിപ്പിച്ചതിൽ ഈ നേതാവിന് പ്രധാനപങ്കുണ്ടെന്ന് എം.എൽ.എ ആരോപിച്ചു.
മുഖ്യമന്ത്രി പങ്കെടുക്കാത്ത പരിപാടിയിൽ, സംസ്ഥാന പ്രോട്ടോക്കോൾ അനുസരിച്ച് അദ്ദേഹത്തിന്റെ ഫോട്ടോ നോട്ടീസിൽ വെക്കേണ്ടതില്ല. ജില്ലയിലെ സർക്കാർ പരിപാടികളിൽ ജില്ലയുടെ ചാർജ്ജുള്ള മന്ത്രിയെ ഉൾപ്പെടുത്തണമെന്നും പ്രോട്ടോക്കോളില്ല. പരിപാടിയിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് താൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ നേരിട്ട് ക്ഷണിച്ചിരുന്നു.
എന്നാൽ, സമയക്കുറവുമൂലം പങ്കെടുക്കാനാകില്ലെന്ന് അറിയിച്ചതിനാലാണ് അദ്ദേഹത്തെ ഉൾപ്പെടുത്താതിരുന്നത്. സലിം ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നും ആലുവയിലെ ജനങ്ങൾ ഈ പ്രസ്താവനയെ പുഛിച്ചുതള്ളുമെന്നും എം.എൽ.എ പറഞ്ഞു.