കളമശ്ശേരി: ഗവ. മെഡിക്കൽ കോളജിൽ 43 അധ്യാപക തസ്തികകൾ പുതുതായി സൃഷ്ടിക്കുന്നതിന് മന്ത്രിസഭ അനുമതി നൽകി. ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുന്നതിനും സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് പൂർത്തിയാകുന്ന സാഹചര്യത്തിലുമാണ് തസ്തികകൾ അനുവദിച്ചതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. 24 ഡിപ്പാർട്ട്മെന്റിലായാണ് തസ്തികകൾ അനുവദിച്ചത്. അസോ. പ്രഫസർ, അസി. പ്രഫസർ, സീനിയർ റെസിഡന്റ് തസ്തികകളാണ് അനുവദിച്ചത്. ആശുപത്രിയിലെ സൂപ്പർ സ്പെഷാലിറ്റി സേവനം ശക്തിപ്പെടുത്താൻ ഇത് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
സമീപകാലത്തുണ്ടായ ദുരന്തസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചികിത്സ സൗകര്യം വിപുലപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. കാർഡിയോ തൊറാസിക്, ന്യൂറോ സർജറി, നിയോനാറ്റോളജി, യൂറോളജി, പീഡിയാട്രിക് സർജറി വിഭാഗങ്ങൾ ആരംഭിക്കാനും പുതിയ തസ്തിക സൃഷ്ടിക്കൽ വഴിയൊരുക്കും. 2013ൽ സർക്കാർ ഏറ്റെടുത്തശേഷം ഇത്രയും വിഭാഗങ്ങൾ ഒരുമിച്ച് ആരംഭിക്കുന്നത് ആദ്യമാണ്. മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന് കിഫ്ബി അടുത്തിടെ 80 കോടി അനുവദിച്ചിരുന്നു. 223 പശ്ചാത്തല ഉപകരണങ്ങളുടെ പട്ടിക ഉൾപ്പെടുത്തി മെഡിക്കൽ സർവിസസ് കോർപറേഷൻ തയാറാക്കിയ ഡി.പി.ആർ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും സാങ്കേതിക സമിതിയും പരിശോധിച്ചാണ് അന്തിമമാക്കിയത്. 368.74 കോടി ചെലവഴിച്ചാണ് സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് നിർമിക്കുന്നത്. എട്ടു നിലയിലായി 8.27 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ബ്ലോക്ക് സജ്ജമാകുന്നത്.
പുതിയ തസ്തികകൾ കൂടി അനുവദിക്കപ്പെട്ടതോടെ മധ്യകേരളത്തിലെ തന്നെ ഏറ്റവും ആധുനിക ചികിത്സ കേന്ദ്രമായി മെഡിക്കൽ കോളജ് മാറുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. എന്നാൽ, പൊള്ളൽ ചികിത്സക്ക്ആവശ്യമായ പ്ലാസ്റ്റിക് സർജന്റെ കാര്യത്തിൽ തീരുമാനമുണ്ടായില്ല.
അനുവദിച്ച തസ്തികകൾ
അനസ്തേഷ്യോളജി (2), ബയോ കെമിസ്ട്രി (1), കമ്യൂണിറ്റി മെഡിസിൻ (1), ഡെർമിറ്റോളജി (3), എമർജൻസി മെഡിസിൻ (4), ഇ.എൻ.ടി (2), ജനറൽ സർജറി (3), മൈക്രോ ബയോളജി (1), ഒ ആൻഡ് ജി (3), ഒ.എം.എഫ്.എസ് (1), ഒഫ്താൽമോളജി (1), ഓർത്തോപീഡിക്സ് (1), പീഡിയാട്രിക്സ് (1), പാത്തോളജി (2), ഫിസിയോളജി (1),
പി.എം.ആർ (2), സൈക്യാട്രി (1),റേഡിയോ ഡയഗ്നോസിസ് (1), കാർഡിയോതൊറാസിക് (2), ന്യൂറോ സർജറി (3), നിയോ നാറ്റോളജി (1), പീഡിയാട്രിക് സർജറി (2), യൂറാളജി (2), ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (2)