
മറൈൻഡ്രൈവ്, കൊച്ചി മെട്രോ
കൊച്ചി: കൊച്ചി മെട്രോ റെയിൽ വികസനം, മറൈൻ ഡ്രൈവിൽ 2400 കോടിയുടെ മറൈൻ എക്കോ സിറ്റി പദ്ധതി എന്നിങ്ങനെ ജില്ലക്ക് പ്രതീക്ഷ നൽകി സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾ. വാട്ടർ മെട്രോ, കൊച്ചി കപ്പൽശാല, തുറമുഖം എന്നിവയുടെയൊക്കെ വികസനവുമായി ബന്ധപ്പെട്ട് ബജറ്റിൽ പരാമർശങ്ങളുണ്ട്. കേരളീയരുടെ ആത്മാഭിമാനവും സംരംഭകരുടെ താൽപര്യവും പലമടങ്ങ് വർധിപ്പിക്കാൻ ഈ പദ്ധതികളിലൂടെ കഴിഞ്ഞുവെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയത്. കൊച്ചിയിലെ സംയോജിത ജലഗതാഗതത്തിന്റെ ഇ.എ.പി ഘടകമായി 159.60 കോടി രൂപ, കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായി കൊച്ചി പാലക്കാട് ഹൈകെട് വ്യവസായിക ഇടനാഴിക്ക് 200 കോടി രൂപ എന്നിങ്ങനെ വകയിരുത്തി. കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിക്ക് 2024ലെ ബജറ്റിലും 200 കോടി പ്രഖ്യാപനമുണ്ടായിരുന്നു.
മറൈൻഡ്രൈവിലേക്ക് 2400 കോടിയുടെ പദ്ധതി
മറൈൻഡ്രൈവിൽ 2400 കോടി രൂപ ചെലവഴിച്ച് എൻ.ബി.സി.സിയുടെ സഹകരണത്തോടെ കെ.എസ്.എച്ച്.ബി മറൈൻ എക്കോ സിറ്റി പദ്ധതി പൂർത്തീകരിക്കും. ഇതിൽ നിന്ന് ഭവനനിർമാണ ബോർഡിന് 3,650 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 2024ലെ ബജറ്റിലും മറൈൻ ഡ്രൈവിൽ ഭവന നിർമാണ ബോർഡ് വാണിജ്യസമുച്ചയവും റസിഡൻഷ്യൽ കോംപ്ലക്സും പരിസ്ഥിതി സൗഹൃദ പാർക്കുകളും ഉൾപ്പെടുത്തി അന്താരാഷ്ട്ര വാണിജ്യ-ഭവന സമുച്ചയം നിർമിക്കുമെന്ന ബൃഹത് പദ്ധതി പ്രഖ്യാപിച്ചിരുന്നു. നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡുമായി ചേർന്ന് 2150 കോടി രൂപ ചെലവിലാണ് നിർമിക്കുകയെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
കുതിക്കും കൊച്ചി മെട്രോ; ബജറ്റിൽ 289 കോടി
കൊച്ചി മെട്രോയുടെ വികസനത്തിന് പ്രത്യേക പരിഗണനയാണ് ബജറ്റിൽ ലഭിച്ചിരിക്കുന്നത്. 2025-26 സാമ്പത്തിക വർഷം കൊച്ചി മെട്രോക്ക് 289 കോടി രൂപ ലഭ്യമാക്കും. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനുള്ള പദ്ധതി തയാറാക്കുന്നതിന് നടപടി സ്വീകരിച്ച് വരികയാണെന്നും ബജറ്റ് വ്യക്തമാക്കുന്നു. കഴിഞ്ഞ ബജറ്റിൽ 239 കോടിയാണ് കൊച്ചി മെട്രോക്ക് പ്രഖ്യാപിച്ചത്. അങ്കമാലി-എരുമേലി-ശബരി റെയിൽവേ ലൈൻ പദ്ധതിയുടെ എസ്റ്റിമേറ്റ് 2023 ൽ പരിഷ്കരിക്കുകയും ചെലവ് 3,800 കോടി രൂപയാക്കി വർധിക്കുകയും ചെയ്തു. യഥാർഥ ആവശ്യകതയെ അടിസ്ഥാനമാക്കി എം.ഐ.ഡി.പിയിൽ നൽകിയിരിക്കുന്ന വിഹിതത്തിൽ നിന്ന് പദ്ധതി നടത്തിപ്പിന് ആവശ്യമായ ഫണ്ട് അനുവദിക്കും.
ഫോർട്ട്കൊച്ചിയിലേക്ക് കെ-ഹോംസ്
കേരളത്തിൽ താമസക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലഷ്യത്തോടെയുള്ള സംരംഭമാണ് കെ-ഹോംസ് പദ്ധതി. ഇതിലേക്ക് പ്രധാനമായി സർക്കാർ ലക്ഷ്യംവെക്കുന്ന ടൂറിസം കേന്ദ്രമാണ് ഫോർട്ടുകൊച്ചി. പദ്ധതിയുടെ ആകെ പ്രാരംഭ ചെലവുകൾക്കായി അഞ്ച് കോടി വകയിരുത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളിൽ നിന്ന് മാതൃകകളും നടത്തിപ്പ് രീതികളും സ്വീകരിച്ച് മിതമായ നിരക്കിൽ വീടുകളിൽ താമസ സൗകര്യമൊരുക്കുകയെന്നതാണ് പദ്ധതിയുടെ ഉള്ളടക്കം. വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞുകിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പാക്കാനുമാകും.
സർവകലാശാലകളുടെ വികസനം
- കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ന്യൂറോ ഡീജെനറേഷൻ ആൻഡ് ബ്രെയിൻ ഹെൽത്ത് മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിന് 69 കോടി. 2024ലെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ റാങ്കിങ് ഫ്രെയിംവർക്കിൽ കുസാറ്റ് 34ാമതുണ്ടെന്ന കാര്യം മന്ത്രി ചൂണ്ടിക്കാട്ടി.
- കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ പ്രവർത്തനങ്ങൾക്ക് 31.25 കോടി രൂപ വകയിരുത്തി. ഇതിൽ 4.5 കോടി രൂപ നിലവിലുള്ള കേന്ദ്രങ്ങളുടെ ശാക്തീകരണത്തിനും ഒരു കോടി രൂപ മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിനുമാണ്.
- ശ്രീശങ്കരചാര്യ സംസ്കൃത സർവകലാശാലക്ക് 22.05 കോടി
- കളമശ്ശേരിയിലെ നാഷണൽ യൂനിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 12.25 കോടി വകയിരുത്തി.
കൊച്ചിയിൽ സയൻസ് പാർക്ക്
കൊച്ചിയിൽ സയൻസ് പാർക്കിനുള്ള ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിലാണ്. വിജ്ഞാന സമ്പദ്ഘടനക്ക് മുതൽക്കൂട്ടായി സർവകലാശാലകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കുമൊപ്പം സഹകരിച്ച് പ്രവർത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സയൻസ് പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്.
കൊച്ചി-സുസ്ഥിര നഗരഭൂമി പുനഃക്രമീകരണ പദ്ധതി
കൊച്ചിയിലെ നഗരപ്രദേശങ്ങളെ ആസൂത്രിതവും സജീവവും ഊർജസ്വലവുമായ പ്രദേശങ്ങളാക്കി മാറ്റുന്നതിനുള്ള ഭൂമി പുനക്രമീകരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ദ്വീപുകൾ ഒഴികെ ഏകദേശം 210 ഹെക്ടർ ഭൂമിയിൽ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കും.
കൊച്ചിയിൽ സുസ്ഥിര നഗരഭൂമി പുനഃക്രമീകരണ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ വകയിരുത്തി.
കൊച്ചി കോർപറേഷനിൽ എല്ലാ ദിവസവും 24 മണിക്കൂറും മതിയായ അളവിലും മർദത്തിലും ജലവിതരണം നടത്തുന്നതിനും കൊച്ചി നഗരത്തിൽ നോൺ റവന്യൂ വാട്ടർ 51 ശതമാനത്തിൽ നിന്നും 20 ശതമാനമായി കുറക്കുന്നതിനും ഉൽപാദന വിതരണ ഘടകങ്ങളുടെ പുനരുദ്ധാരണത്തിനും ലക്ഷ്യമിടുന്ന എ.ഡി.ബി സഹായത്തോടെയുള്ള കേരള അർബൻ വാട്ടർ സപ്ലൈ ഇംപ്രൂവ്മന്റെ് പ്രോജക്ടിന് 75 കോടി വകയിരുത്തി.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
- എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഓപറേഷൻ ബ്രേക്ക് ത്രൂ പദ്ധതിക്ക് 10 കോടി.
- മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിക്കായി 10 കോടി.
- കേരള കൺസ്ട്രക്ഷൻ കംപോണൻറ്സ് ലിമിറ്റഡിന്റെ (കെ.സി.സി.എൽ) ഉടമസ്ഥതയിൽ കൊച്ചിയിലുള്ള ഭൂമിയിൽ മാരിടൈം ക്ലസ്റ്റർ പ്രോജക്ട് ആരംഭിക്കുന്നതിന് നാലു കോടി.
- ഇൻഫോപാർക്ക്, സ്മാർട്ട്സിറ്റി, കെ.ഇ.പി.ഐ.പി എന്നിവിടങ്ങളിലെ ജലവിതരണ പ്രവൃർത്തികൾക്ക് ഒമ്പത് കോടി രൂപ വകയിരുത്തി.
- കൊച്ചി പെട്രോ കെമിക്കൽ പാർക്കിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കായി 30 കോടി.
- കിൻഫ്ര മുഖേന കാക്കനാട് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന എക്സിബിഷൻ സെന്ററിന് 20 കോടി.
- കൊച്ചി ഇൻഫോപാർക്കിന് 21.60 കോടി.
- കേരള സ്റ്റാർട്ടപ്പ് മിഷൻ ടെക്നോളജി ഇന്നവേഷൻ സോണിന് 20 കോടി രൂപ.
- കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന് 7.64 കോടി.
- കേരള മീഡിയ അക്കാദമിക്ക് 7.50 കോടി.
- വിശാല കൊച്ചി വികസന അതോറിറ്റി മുഖേന നടപ്പാക്കുന്ന 100 കിടക്കകളുള്ള ഷീ ഹോസ്റ്റലിന്റെ നിർമാണമടക്കം വിവിധ പ്രവർത്തനങ്ങൾക്ക് അഞ്ച് കോടി.
- ചെറായി ബീച്ച് സംരക്ഷണത്തിന് തിരുവനന്തപുരം പൂന്തുറ മാതൃകയിൽ ജിയോ ട്യൂബ് ഓഫ്ഷോർ ബ്രേക്ക് വാട്ടർ പദ്ധതി നടപ്പാക്കും. കൊല്ലം, ചെറായി ബീച്ചുകൾക്കായി ആകെ അഞ്ച് കോടി രൂപ അനുവദിച്ചു.
- സാംസ്കാരിക രംഗത്ത് കേരളത്തിന്റെ യശസ്സുയർത്തിയ കൊച്ചി മുസിരീസ് ബിനാലെയുടെ 2025-26 എഡിഷനായി ഏഴ് കോടി രൂപ.
- മുസിരിസ് ഹെറിറ്റേജ് ആൻഡ് സ്പൈസ് റൂട്ട്, റിവർ ക്രൂയിസ് ഹെറിറ്റേജ് സ്പൈസ് റൂട്ട് പദ്ധതികൾക്ക് 14 കോടി.�