
റോക്കി ദാസ്
പെരുമ്പാവൂര്‍: രണ്ടര കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി റോക്കി ദാസിനെ (25) യാണ് പെരുമ്പാവൂര്‍ എ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘം ബുധനാഴ്ച രാത്രി സൗത്ത് വാഴക്കുളം ഭാഗത്ത് വച്ച് പിടികൂടിയത്. പെരുമ്പാവൂര്‍ ഭാഗത്തേക്ക് സ്കൂട്ടറില്‍ കഞ്ചാവ് കടത്തുകയായിരുന്നു. മഞ്ഞുമ്മല്‍ ഭാഗത്ത് താമസിച്ചിരുന്ന ഇയാള്‍ രാത്രികാലങ്ങളിലാണ് കഞ്ചാവ് കടത്തിയിരുന്നത്.
ബംഗാളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിക്കുന്ന കഞ്ചാവ് മഞ്ഞുമ്മല്‍ ഭാഗത്ത് സൂക്ഷിച്ച ശേഷം രാത്രി വിൽപന നടത്തിവരികയായിരുന്നു. പ്രതിയുടെ ബാഗില്‍ നിന്ന് കഞ്ചാവ് അളക്കാന്‍ ഉപയോഗിക്കുന്ന ത്രാസും കണ്ടെത്തി. പൊലീസിന്റെ കണ്ണില്പെടാതിരിക്കാന് ഇടവഴികളിലൂടെയാണ് ഇയാള്‍ സഞ്ചരിച്ചിരുന്നത്.
പെരുമ്പാവൂര്‍ എ.എസ്.പി ശക്തിസിങ് ആര്യ, ഇന്‍സ്പെക്ടര്‍ എ.എല്‍. അഭിലാഷ്, എസ്.ഐമാരായ എ.ബി. സതീഷ്, ഉണ്ണികൃഷ്ണന്, എ.എസ്.ഐമാരായ കെ.എ. നൗഷാദ്, പി.എ. അബ്ദുല്‍ മനാഫ്, സീനിയര്‍ സി.പി.ഒമാരായ വര്‍ഗീസ് ടി. വേണാട്ട്, സി.പി. അന്‍സാര്‍, റോബിന് ജോയി, മുഹമ്മദ് നൗഫല്‍, ജഗതി, ബേനസീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.