
കൊച്ചി: നിലവാരമില്ലാത്ത യന്ത്രം നൽകി തൊഴിൽ സംരംഭകനെ കബളിപ്പിച്ച ഉപകരണ നിർമാതാവ് നഷ്ടപരിഹാരവും കോടതി ചെലവും യന്ത്രത്തിന്റെ വിലയും ഉൾപ്പെടെ 1.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി. എറണാകുളം കുമ്പളങ്ങി സ്വദേശി ഫ്രാൻസിസ് എഡ്വിൻ, ഡൽഹിയിലെ ബെസ്റ്റ്ഡീൽ മെഷിനറി പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി.
കടലാസ് അധിഷ്ഠിത ഉൽപന്നങ്ങൾ നിർമിക്കാനുള്ള മെഷിൻ വാങ്ങിയാൽ പ്രതിമാസം 30,000 മുതൽ 40,000 രൂപ വരെ ആദായമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 1,38,000 രൂപക്കുള്ള മെഷീൻ എതിർകക്ഷികൾ പരാതിക്കാരന് ഒരു വർഷത്തെ വാറന്റി ഉൾപ്പെടെ നൽകി. എന്നാൽ, മെഷീൻ വാങ്ങിയ ഉടനെ പ്രവർത്തനരഹിതമാവുകയും പലപ്രാവശ്യം റിപ്പയർ ചെയ്യേണ്ടിവരികയും വന്നു.
മാത്രമല്ല കടലാസ് അധിഷ്ടിത ഉൽപന്നങ്ങൾ നിർമിക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ വാങ്ങാൻ 35,000 രൂപയും എതിർകക്ഷിക്ക് നൽകി. കേടായ മെഷീൻ നന്നാക്കുന്നതിന് പലപ്പോഴും കാലതാമസം വരുത്തിയതായും പരാതിയിൽ പറയുന്നു. ഇത് സേവനത്തിലെ ന്യൂനതയും അധാർമിക വ്യാപാരരീതിയുമാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
മെഷീനിന്റെ വിലയായ 1 38,000 രൂപയും 20,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം നൽകാനാണ് നിർദേശം. പരാതിക്കാരൻ വേണ്ടി അഡ്വ. സി.എ. ആതിര ഹാജരായി.