
ഷെർലി റെജിമോൻ, അനുമോൾ,അശ്വതി ജിജി
കൊച്ചി: സമൂഹത്തിൽ സ്ത്രീകളുടെ സാമ്പത്തിക-സാമൂഹിക മുന്നേറ്റങ്ങൾ ചർച്ച ചെയ്യുന്ന ‘ഡിസ്കവർ, ഡിഫൈൻ, ഡിറൈവ്; കോൺക്ലേവ് ചൊവ്വാഴ്ച എറണാകുളം സെന്റ് തെരേസാസ് കോളജിൽ നടക്കും.
വനിതകളെ സമൂഹത്തിന്റെ നേതൃനിരയിലേക്ക് നയിക്കാൻ മാധ്യമം കുടുംബവും മലബാർ ഗോൾഡ് ആന്ഡ് ഡയമണ്ട്സും കൈകോർക്കുന്ന ‘ലീഡർഷിപ്’ കാമ്പയിന്റെ ഭാഗമായാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. സാമ്പത്തികരംഗത്തെ സ്ത്രീമുന്നേറ്റങ്ങളും അവർക്കായുള്ള സാധ്യതകളും അതിന്റെ പ്രാധാന്യവുമെല്ലാം സെൻറ് തെരേസാസ് കോളജുമായി സഹകരിച്ച് നടത്തുന്ന ചർച്ചയുടെ ഭാഗമാവും.
സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ നൂതന സംരംഭകത്വവുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കും. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ അശ്വതി ജിജി, പ്രമുഖ സംരംഭകയും ഫാഷൻ ഡിസൈനറുമായ ഷെർലി റെജിമോൻ, അഭിനേത്രിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അനുമോൾ തുടങ്ങിയവർ ചർച്ചയുടെ ഭാഗമാവും. ഉച്ചക്ക് 2.30 മുതലാണ് പാനൽ ചർച്ച നടക്കുക. വിദ്യാർഥികൾക്കായി ‘ഐഡിയതോൺ’, വിജയികൾക്കുള്ള പുരസ്കാര വിതരണം, പ്രോജക്ട് അവതരണം എന്നിവയുമുണ്ട്.
കേരളത്തിലെ വിവിധ കോളജുകൾ, സർവകലാശാലകൾ എന്നിവ കേന്ദ്രീകരിച്ചാണ് ‘ലീഡർഷിപ്’ കാമ്പയിൻ സംഘടിപ്പിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ, സ്റ്റാർട്ടപ്-കരിയർ, ആർട്ടിഫിഷൽ ഇന്റലിജൻസ്, നിയമങ്ങൾ, സ്ത്രീകളുടെ ആരോഗ്യം-ശുചിത്വം, രാഷ്ട്രീയം, സാമ്പത്തിക സുരക്ഷിതത്വം തുടങ്ങിയവ കാമ്പയിനിൽ ചർച്ചയാകും.
ലീഡർഷിപ് കാമ്പയിന്റെ ഭാഗമായി സംവാദങ്ങൾ, സെമിനാറുകൾ, ഡിബേറ്റുകൾ, വർക്ക്ഷോപ്പുകൾ, ടോക്ഷോകൾ, പരിശീലന പരിപാടികൾ തുടങ്ങിയവ അരങ്ങേറും. സമൂഹത്തിൽ വിവിധ മേഖലകളിൽ ഉയർന്നുവന്ന സ്ത്രീകളെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടികളിൽ വനിത ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിവിധ സംഘടനകളും ഭാഗമാകും.