ഇരുചക്ര വാഹനങ്ങൾ നൽകാമെന്ന പേരിൽ തട്ടിപ്പ് പരാതിയുമായി കൂടുതൽ പേർ; പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും

മൂവാറ്റുപുഴ: ഇരുചക്ര വാഹനങ്ങളും മറ്റും പകുതി വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. തട്ടിപ്പിന്‍റെ മുഖ്യ സൂത്രധാരൻ പിടിയിലായതോടെ നൂറുകണക്കിനാളുകൾ മൂവാറ്റുപുഴ സ്റ്റേഷനിൽ അടക്കം പരാതിയുമായി എത്തി.

വെള്ളിയാഴ്ച അറസ്റ്റിലായ തൊടുപുഴ കുടയത്തൂർ കോളപ്ര ചക്കലത്തുകാവ് ക്ഷേത്രത്തിനുസമീപം ചൂരകുളങ്ങര വീട്ടിൽ അനന്തു കൃഷ്ണനെ (29) മൂവാറ്റുപുഴ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും.അനന്തു കൃഷ്ണൻ അറസ്റ്റിലായെന്ന വാർത്ത പുറത്തു വന്നതോടെ ജില്ലയുടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നൂറുകണക്കിന് പരാതികളാണ് എത്തുന്നത്. ബഹുരാഷ്ട്ര കമ്പനികളുടെ സി.എസ്.ആർ ഫണ്ടുകൂടി ഉപയോഗപ്പെടുത്തി ഇരുചക്ര വാഹനങ്ങളും ഗൃഹോപകരണങ്ങളും ലാപ്ടോപ്പും എല്ലാം പകുതി വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആയിരക്കണക്കിനുപേരിൽ നിന്നാണ് ഇയാൾ പണം കൈപ്പറ്റിയിരിക്കുന്നത്.

ഓരോ സ്ഥലത്തും ഓരോ സംഘടന രൂപവത്കരിച്ച് ഇതിൽ വളന്‍റിയർമാരായി പ്രദേശത്തെ അറിയപ്പെടുന്നവരെ ഉൾപ്പെടുത്തിയാണ് പണം സമാഹരിച്ചത്. ആദ്യമെല്ലാം നിശ്ചിത സമയത്തിനുള്ളിൽ പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങളും മറ്റും വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ വിശ്വസിച്ചാണ് പലരും പണം നൽകിയത്.

നാഷനൽ എൻ.ജി.ഒ ഫെഡറേഷൻ എന്ന സംഘടനയുടെ നാഷനൽ കോഓഡിനേറ്റർ ആണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സി.എസ്.ആർ ഫണ്ട്‌ കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സ്വന്തം പേരിൽ വിവിധ കൺസൽട്ടൻസികൾ ഉണ്ടാക്കി അതിന്‍റെ പേരിൽ ആണ് ഇടപാടുകൾ നടത്തിയത്. എന്നാൽ, ഇതുവരെ ഒരു കമ്പനിയിൽ നിന്നും സി.എസ്.ആർ ഫണ്ട്‌ ലഭ്യമായിട്ടില്ല എന്ന് ചോദ്യം ചെയ്യലിൽ അനന്തു സമ്മതിച്ചിരുന്നു.

ഇരുചക്ര വാഹനങ്ങൾ പറഞ്ഞ സമയത്ത് ലഭിക്കാതെ വന്ന തോടെ നാലുമാസം മുമ്പ് മൂവാറ്റുപുഴ സ്വദേശിനി അടക്കം നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലായത്. ഇതിനിടെ, മറ്റു ചിലർ പരാതിയുമായി രംഗത്തുവെന്നങ്കിലും അവർക്ക് പണം തിരിച്ചുനൽകി പ്രശ്നം പരിഹരിച്ചിരുന്നു.

You May Also Like

More From Author