
ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഗവർണർ ആർ. വിശ്വനാഥ് ആർലേക്കർ കമ്മാൻഡർ ഡി.ഐ.ജി എൻ. രവി എന്നിവർ രക്ഷാസേനയുടെ സമർഥ് കപ്പലിൽ
കൊച്ചി: പുറംകടലിൽ തീരരക്ഷാസേന അമ്പരപ്പിക്കുന്ന പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ച് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. വിസ്മയിപ്പിക്കുന്ന ജീവൻരക്ഷ, അഭ്യാസ പ്രകടനങ്ങളാണ് അരങ്ങേറിയത്. ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്ഥാപക ദിനത്തിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു ഗവർണർ. കൊച്ചി- ലക്ഷദ്വീപ്-മാഹി മേഖലയിലെ രാജ്യരക്ഷാദൗത്യമാണ് തീരരക്ഷാസേന കൊച്ചി റീജ്യണിൻറേത്.

�രക്ഷാസേനയുടെ സമർഥ് കപ്പലിൽ കമാണ്ടർ ഡി.ഐ.ജി എൻ. രവി ഗവർണർ ആർ. വിശ്വനാഥ് ആർലേക്കറെ സ്വാഗതം ചെയ്തു. തുടർന്ന് തീരരക്ഷാ സേനയുടെ ഗാർഡ് ഓഫ് ഹോണർ നൽകി എതിരേറ്റു. പുറംകടലിൽ രക്ഷ സേനാംഗങ്ങൾക്കൊപ്പം കപ്പൽയാത്ര ചെയ്ത ഗവർണർ കടലിൽ തീര രക്ഷാസേന വിവിധ ഘട്ടങ്ങളിൽ നടത്തുന്ന ജീവൻ രക്ഷ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ഇന്ത്യൻ തീരരക്ഷ സേനയുടെ ഇതര കപ്പലുകൾ, ബോട്ടുകൾ, വിമാനങ്ങൾ എന്നിവയും പ്രകടനങ്ങളിൽ അണിചേർന്നു. കടൽക്കൊള്ളക്കാരുടെ കപ്പൽ ഹെലികോപ്റ്ററിലെത്തി കീഴടക്കുന്ന പ്രകടനം ശ്രദ്ധേയമായിരുന്നു. ഹെലികോപ്റ്ററിലെത്തുന്ന രക്ഷാപ്രവർത്തകർ വെള്ളത്തിൽ വീണയാളെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ തീരരക്ഷാസേനയുടെ ധീരത അടയാളപ്പെടുത്തി.
കപ്പലിൽ ലാൻഡ് ചെയ്യുന്ന ഹെലികോപ്റ്ററും വെള്ളത്തിൽ വീണ ആളുകളെ കപ്പലിൽ കയറ്റി രക്ഷപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള ദൗത്യങ്ങൾ അവതരിപ്പിച്ചു.�

ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്ഥാപക ദിനത്തോടനുബന്ധിച്ച് പുറംകടലിൽ നടത്തിയ ജീവൻരക്ഷ അഭ്യാസ പ്രകടനങ്ങൾ.� ഫോട്ടോ: ബൈജു കൊടുവള്ളി
ഡോർണിയർ വിമാനങ്ങളിലെത്തി നടത്തുന്ന രക്ഷാദൗത്യവും അവതരിപ്പിച്ചു. ഹെലികോപ്റ്ററുകളും ചെറുവിമാനങ്ങളും പറന്നെത്തി സല്യൂട്ട് നൽകി. തീരരക്ഷ സേന കപ്പലുകൾ നീണ്ടനിരയായെത്തി സല്യൂട്ട് നൽകിയതും ശ്രദ്ധേയമായ കാഴ്ചയായിരുന്നു.��