
കൊച്ചി: കോർപറേഷന്റെ സ്വപ്ന പദ്ധതികളിലൊന്നായ ബ്രഹ്മപുരം സമഗ്ര ഖരമാലിന്യ പരിപാലന മാസ്റ്റർ പ്ലാൻ കൗൺസിലിൽ അവതരിപ്പിച്ചു. ബ്രഹ്മപുരത്ത് ശാസ്ത്രീയമായ കേന്ദ്രീകൃത മാലിന്യസംസ്കരണ സംവിധാനങ്ങൾ, ഗതാഗത സൗകര്യങ്ങൾ, വിജ്ഞാന കേന്ദ്രം തുടങ്ങിയ പദ്ധതികളടങ്ങുന്ന മാസ്റ്റർ പ്ലാനാണ് കൊച്ചി കോർപറേഷനുവേണ്ടി കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടും (കെ.എസ്.ഡബ്ല്യു.എം.പി) ശുചിത്വമിഷനും ചേർന്ന് തയ്യാറാക്കിയത്. 706 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ലോകബാങ്കിന്റെയും സംസ്ഥാന സർക്കാരിന്റെയും സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി. മാലിന്യത്തിൽ നിന്ന് ഊർജം ഉൽപാദിപ്പിക്കുന്ന പ്ലാന്റ് പി.പി.പി മാതൃകയിലാണ് ഉദ്ദേശിക്കുന്നത്.
ആർ.ഡി.എഫ് പ്ലാന്റ്, വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റ്, മാലിന്യ ഊർജോൽപാദന പ്ലാന്റ്, കെട്ടിടനിർമാണ പൊളിക്കൽ മാലിന്യ പുനരുപയോഗ പ്ലാന്റ്, ഫെക്കൽ സ്ലഡ്ജ് സംസ്കരണ പ്ലാന്റ്, മാലിന്യസംസ്കരണ-ലിച്ചേറ്റ് സംസ്കരണ പ്ലാന്റുകൾ, സോളാർ പ്ലാന്റ് എന്നിവയാണ് പുതുതായി ബ്രഹ്മപുരത്ത് സ്ഥാപിക്കുക. നിലവിൽ രണ്ട് ബി.എസ്.എഫ് പ്ലാന്റുകളും ഫെക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റും ബ്രഹ്മപുരത്തുണ്ട്. ബി.പി.സി.എല്ലിന്റെ സി.എൻ.ജി പ്ലാന്റ് നിർമാണം പുരോഗമിക്കുകയാണ്. ബ്രഹ്മപുരത്ത് എത്തുന്ന ജൈവ-അജൈവ മാലിന്യങ്ങളുടെ അളവ് വെയ്ബ്രിഡ്ജ് ഉപയോഗിച്ച് കണക്കാക്കും. ജൈവമാലിന്യങ്ങൾ ഇവ സംസ്കരിക്കാൻ കഴിയുന്ന സി.എൻ.ജി ഉൾപ്പെടെയുള്ള പ്ലാന്റുകളിലേക്കും അജൈവ മാലിന്യങ്ങൾ ഇതിനായുള്ള പ്ലാന്റിലേക്കും എത്തിച്ച് സംസ്കരിക്കും.
മാലിന്യ സംസ്കരണ രംഗത്തെ പുതുപാത -മേയർ
മാലിന്യ സംസ്കരണ രംഗത്ത് പുതുപാത തുറക്കുകയാണ് കോർപറേഷനെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. ഈ മാതൃക കേരളത്തെയാകെ സ്വാധീനിക്കും. 706 കോടിയുടെ പദ്ധതിയാണെങ്കിലും ആദ്യഘട്ടത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് ആർ.ഡി.എഫ് പ്ലാന്റ്, വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റ്, വേയ്ബ്രിഡ്ജ്, റോഡുകൾ, പാർക്ക്, ഗാരേജ്, ശുചിമുറികൾ എന്നിവയാണ്. ഇതിനായുള്ള തുക കണക്കാക്കി ആദ്യ ഘട്ട പദ്ധതി തയ്യാറാക്കും.
രണ്ടാംഘട്ടത്തിലാകും മാലിന്യ ഊർജോൽപാദന പ്ലാന്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ. മാലിന്യ ഊർജോൽപാദന പ്ലാന്റിന് സംസ്ഥാന സർക്കാർ നയപരമായ തീരുമാനമെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ആർ.ഡി.എഫ് പ്ലാന്റിന് സംസ്ഥാന വിഹിതം ലഭിക്കും. പ്രതിപക്ഷം ഉന്നയിച്ച നിർദേശങ്ങൾ പരിഗണിക്കുമെന്നും മേയർ പറഞ്ഞു.
പ്രായോഗികമല്ലാത്ത മാസ്റ്റർ പ്ലാൻ -പ്രതിപക്ഷം
ബ്രഹ്മപുരം മാലിന്യ സംസ്കരണ മാസ്റ്റർ പ്ലാൻ വ്യക്തതയില്ലാത്തതും പ്രായോഗികത പരിഗണിക്കാത്തതുമാണെന്ന് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ ആരോപിച്ചു.
നഗരസഭയിൽ എത്ര ടൺ മാലിന്യം ഉത്പാദിപ്പിക്കുന്നു എന്ന് പോലും വ്യക്തതയില്ലാതെയാണ് മാസ്റ്റർ പ്ലാൻ അവതരിപ്പിക്കുന്നത്. നിലവിൽ സി.ബി.ജി പ്ലാന്റ് 150 ടൺ ആണ് നഗരസഭ കൗൺസിൽ മുമ്പാകെ ബി.പി.സി.എൽ അവതരിപ്പിച്ചതെങ്കിലും 300 ടൺ വരെ സംസ്കരണ ശേഷിയുള്ള പ്ലാന്റാണ് നിലവിൽ നിർക്കുന്നതെന്നാണ് മേയർ കൗൺസിലിൽ പറഞ്ഞത്. ഭാവി തലമുറയ്ക്ക് വേണ്ടി ഉണ്ടാക്കുന്ന മാസ്റ്റർ പ്ലാനിൽ സംസ്കരണത്തിന് വലിയ പ്രാധാന്യമുണ്ടായിരിക്കണം. മാസ്റ്റർ പ്ലാൻ കുറ്റമറ്റതാക്കണമെന്ന് പ്രതിപക്ഷ കക്ഷി നേതാവ് ആന്റണി കുരീത്തറയും പാർലമെന്റ് പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിലും പറഞ്ഞു.