
തൃപ്പൂണിത്തുറ (കൊച്ചി): ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ മർദനത്തിൽ ഗുരുതര പരിക്കേറ്റ പോക്സോ കേസ് അതിജീവിത മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് മരിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായിരുന്ന പെൺകുട്ടി കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മുതൽ വെൻറിലേറ്ററിലായിരുന്നു. ഇൻക്വസ്റ്റിനുശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.
പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ച ആൺസുഹൃത്ത് തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്ക് കുഴിപ്പുറത്ത് അനൂപിനെ (24) ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്. അനൂപിനെതിരെ കൊലക്കുറ്റം കൂടി ചുമത്താനുള്ള നീക്കത്തിലാണ് ചോറ്റാനിക്കര പൊലീസ്. പെൺകുട്ടിയെ ആക്രമിച്ചതിൽ ഇയാളെക്കൂടാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
സംഭവശേഷം ഞായറാഴ്ച പുലർെച്ച അനൂപിനെ പെൺകുട്ടിയുടെ വീട്ടിൽനിന്ന് വാഹനത്തിൽ തിരികെ കൊണ്ടുപോയ സുഹൃത്തിനെയും തിരയുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് പരിക്കുകളോടെ അബോധാവസ്ഥയിൽ അർധനഗ്ന നിലയിൽ പെൺകുട്ടിയെ വീട്ടിൽ കണ്ടെത്തിയത്.അനൂപിനെ പെൺകുട്ടിയുടെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു.
മർദിക്കാൻ ഉപയോഗിച്ച ചുറ്റികയും പെൺകുട്ടിയുടെ വസ്ത്രവും ഷാൾ മുറിക്കാൻ ഉപയോഗിച്ച കത്തിയും വീട്ടിൽനിന്ന് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. പരസ്പരമുള്ള സംശയം മൂലം ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ പതിവായിരുന്നെന്നാണ് യുവാവിന്റെ മൊഴി. സംഭവ ദിവസം പെൺകുട്ടിയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനാൽ വീട്ടിലേക്ക് അന്വേഷിച്ച് വന്നതാണെന്നും വീട്ടിലെത്തിയപ്പോൾ വീടിന് പുറത്ത് മറ്റൊരു യുവാവിനെ കണ്ടെന്നും ഇത് ചോദ്യം ചെയ്തുള്ള പ്രശ്നങ്ങൾ അക്രമത്തിലേക്ക് നീങ്ങിയെന്നുമാണ് പൊലീസ് വിലയിരുത്തൽ. തുടർന്ന്, താൻ മരിക്കാൻ പോകുകയാണെന്ന് പറഞ്ഞ് പെൺകുട്ടി ഫാനിൽ കുരുക്കിട്ടു.
മരണവെപ്രാളത്തിൽ പിടയുന്നത് കണ്ടപ്പോൾ ഷാൾ മുറിച്ച് താഴെ ഇട്ടുവെന്നും ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ മുഖം അമർത്തിപ്പിടിച്ചുവെന്നും ഇയാൾ പറയുന്നു. പെൺകുട്ടി മരിച്ചെന്നാണ് കരുതിയത്. നാലു മണിക്കൂറോളം വീട്ടിനുള്ളിലുണ്ടായിരുന്ന താൻ പിന്നീട് വീടിന്റെ പിന്നിലൂടെ കടന്നുകളഞ്ഞെന്നും ഇയാൾ മൊഴി നൽകിയിരുന്നു.