
പിടിയിലായ റിഫാസ് റഫീക്ക്്, അദിനാൻ സവാദ്, മുഹമ്മദ് അജ്മൽ, സജീർ, ഷഞ്ജൽ, അയിഷ ഗഫാർ സെയ്ത്
മട്ടാഞ്ചേരി: പശ്ചിമ കൊച്ചി മേഖലയിൽ വൻ രാസലഹരി വേട്ട. 400 ഗ്രാം എം.ഡി.എം.എയും മറ്റു ലഹരിവസ്തുക്കളുമായി യുവതി ഉൾപ്പെടെ ആറ് യുവാക്കൾ പിടിയിലായി. ഒരാൾ ഒളിവിലാണ്. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് കേസുകളും ഫോർട്ട്കൊച്ചി, പള്ളുരുത്തി സ്റ്റേഷൻ പരിധികളിൽ ഓരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കൊച്ചി സിറ്റി ഡാൻസാഫും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.
മട്ടാഞ്ചേരിയിലെ ഹോട്ടലിലും പനയപ്പിള്ളി അയ്യൻ മാസ്റ്റർ ലൈനിലെ വീട്ടിലുമാണ് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി രാസലഹരി പിടികൂടിയത്. ഹോട്ടലിൽനിന്ന് മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീക്ക് (27), മഹാരാഷ്ട്രയിലെ പൂന സ്വദേശി അയിഷ ഗഫാർ സെയ്ത് (39) എന്നിവർ പിടിയിലായി. ഇവരിൽനിന്ന് 15 ലക്ഷം രൂപയോളം വില വരുന്ന 300 ഗ്രാം എം.ഡി.എം.യും 6.8 ഗ്രാം കഞ്ചാവും മൂന്ന് ലക്ഷം രൂപയും പിടിച്ചെടുത്തു.
വീട്ടിൽനിന്ന് മട്ടാഞ്ചേരി സ്വദേശികളായ സജീർ (28), അദിനാൻ സവാദ് (22) എന്നിവരെയാണ് പിടികൂടിയത്. ഫോർട്ട്കൊച്ചി ദ്രോണാചാര്യക്ക് സമീപത്തെ വീട്ടിൽനിന്ന് മട്ടാഞ്ചേരി സ്വദേശികളായ ഷഞ്ജൽ (34), ഇയാൾക്ക് ലഹരി വിതരണം ചെയ്തിരുന്ന മുഹമ്മദ് അജ്മൽ (28) എന്നിവരെ പിടികൂടി.
പള്ളുരുത്തി അർജുനൻ മാസ്റ്റർ ലെയ്നിൽ ബാദുഷ (26) എന്നയാൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ നൂറ് ഗ്രാം എം.ഡി.എം.എ പിടികൂടി. പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമീഷണർ അശ്വതി ജിജി, മട്ടാഞ്ചേരി അസി. കമീഷണർ പി.ബി. കിരൺ, നാർക്കോട്ടിക് സെൽ അസി. കമീഷണർ കെ.എ. അബ്ദുൽ സലാം, മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.എ. ഷിബിൻ, പള്ളുരുത്തി പൊലീസ് ഇൻസ്പെക്ടർ രതീഷ് ഗോപാൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അനേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.��