
വീണ്ടുമൊരു കേന്ദ്ര ബജറ്റ് കൂടി എത്തുമ്പോൾ പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് എറണാകുളം ജില്ല. ഓരോ വർഷവും ഇത്തരത്തിൽ കാത്തിരിക്കുമെങ്കിലും അവഗണനയാണ് നേരിടേണ്ടി വന്നതെന്ന് മേഖലയിലെ വിദഗ്ധർ വ്യക്തമാക്കുന്നു. വ്യവസായ മേഖല, പൊതുഗതാഗതം, ആരോഗ്യരംഗം, തൊഴിൽമേഖല, വിവര സാങ്കേതിക മേഖല, വിദ്യാഭ്യാസ രംഗം, മത്സ്യമേഖല, ദേശീയ പാത വികസനം എന്നിവയിലൊക്കെ അനുകൂല പ്രഖ്യാപനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുകയും നിലവിലുണ്ടായിരുന്നവക്ക് കൂടുതൽ പരിഗണന നൽകുന്നതിനും ബജറ്റിൽ തീരുമാനമുണ്ടാകുമെന്നാണ് പൊതുജനത്തിന്റെ പ്രതീക്ഷ.
പ്രതീക്ഷയിൽ കൊച്ചി മെട്രോ
കൊച്ചി മെട്രോ ബജറ്റിൽ കണ്ണുംനട്ടിരിക്കുകയാണ്. രണ്ടാം ഘട്ടത്തിലെ 100 കോടി, ഒന്നാം ഘട്ടം രണ്ടാം ഭാഗത്തിലെ 27.18 കോടിയുടെ ഗ്രാന്റ്, തിരുവന്തപുരം, കോഴിക്കോട് മെട്രോക്കു വേണ്ടി കോംപ്രഹന്‍സീവ് മൊബിലിറ്റി പ്ലാന്‍ തയാറാക്കിയതിന് കേന്ദ്ര ഫിനാന്‍സ് അസിസ്റ്റന്‍സ് സ്കീം പ്രകാരമുള്ള 3.18 കോടി എന്നിങ്ങനെയായി 130.26 കോടി രൂപയാണ് കൊച്ചി മെട്രോ പ്രതീക്ഷിക്കുന്നത്. കൂടാതെ ഇന്ത്യയിലെ 18 സ്ഥലങ്ങളിൽ വാട്ടർ മെട്രോ തുടങ്ങുന്നത് സംബന്ധിച്ച് ബജറ്റിൽ പരമാർശം ഉണ്ടാകുമോ എന്ന് കേരളവും ഉറ്റുനോക്കുന്നു.
വേണം, പൊതുമേഖലക്ക് കൈത്താങ്ങ്
കേരളത്തിന്റെ വ്യവസായ കേന്ദ്രമായ എറണാകുളം ജില്ലയിൽ പൊതുമേഖല സ്ഥാപനങ്ങൾക്ക് കൈത്താങ്ങാകേണ്ട പ്രഖ്യാപനങ്ങളുണ്ടാകണം. മോദി സർക്കാർ അധികാരമേറ്റതിന് ശേഷം കടുത്ത അവഗണനയാണ് മേഖലയോടെന്ന് തൊഴിലാളി പ്രസ്ഥാനങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നു. പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന നിലപാട് ആവശ്യമാണ്.
എച്ച്.ഐ.എൽ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രത്തിന്റെ ഒരു തരത്തിലുള്ള ഇടപെടലുമുണ്ടായില്ലെന്നാണ് തൊഴിലാളി സംഘടനകളുടെ വിമർശനം. എഫ്.എ.സി.ടിക്കും പരിഗണന ലഭിക്കേണ്ടതുണ്ട്. കൊച്ചി കപ്പൽശാലയുടെ ഓഹരിയിൽ വീണ്ടും വിൽപനക്കുള്ള ഇടപെടലാണുണ്ടാകുന്നത്. ഇതിന് പകരം പൂർണമായും പൊതുമേഖലയിൽ ഉറപ്പിച്ച് നിർത്തണമെന്നാണ് ആവശ്യം.
ബി.പി.സി.എൽ വിൽപനയിൽനിന്ന് കേന്ദ്രം പിന്മാറണമെന്ന ആവശ്യത്തിന് പരിഗണന ലഭിച്ചിട്ടില്ല. ഐ.ആർ.ഇയും പ്രതിസന്ധിയിലാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, വിൽപന എന്നീ നയങ്ങളിൽനിന്ന് പിന്മാറുന്ന പ്രഖ്യാപനമുണ്ടാകണം. സ്ഥാപനങ്ങൾക്ക് കൂടുതൽ ഫണ്ട് അനുവദിച്ച് തൊഴിലാളികളെ ഉൾപ്പെടെ സംരക്ഷിക്കുകയും വേണം. തൊഴിലാളികളുടെ ആദായ നികുതി പരിധി, പി.എഫ് പെൻഷൻ എന്നിവയിൽ അനുകൂല നടപടികളും പ്രതീക്ഷിക്കുന്നുണ്ട്.
റെയിൽയാത്ര ദുരിതത്തിന് പരിഹാരം കാണണം
യാത്രാദുരിതം രൂക്ഷമായി തുടരുമ്പോഴും പുതിയ ട്രെയിനുകൾ, കൂടുതൽ കോച്ചുകൾ എന്നീ ആവശ്യങ്ങൾ ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല. എറണാകുളം-തൃശൂർ, എറണാകുളം-കോട്ടയം-കൊല്ലം, എറണാകുളം-ആലപ്പുഴ റൂട്ടുകളിൽ കൂടുതൽ മെമു സർവിസ് എന്ന ആവശ്യം ഇന്നും ശക്തമാണ്. ഇതിന് പരിഗണനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
കൂടാതെ എറണാകുളത്തുനിന്ന് ദീർഘദൂര ട്രെയിനുകൾ കൂടുതലായി അനുവദിക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. ചോറ്റാനിക്കര, കാഞ്ഞിരമറ്റം, തിരുനെട്ടൂർ ഹാൾട്ട് സ്റ്റേഷനുകൾക്ക് പരിഗണന നൽകി കൂടുതൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തിന് പരിഗണനയുണ്ടാകണമെന്നതും നാളുകളായുള്ള ആവശ്യമാണ്.
ആതുരാലയങ്ങൾക്ക് കൈതാങ്ങു വേണം
കളമശ്ശേരി ഗവ. മെഡിക്കൽ കോളജിന് കൂടുതൽ പരിഗണന ആവശ്യമാണ്. ഇവിടെ ഡോക്ടർമാരുടേത് ഉൾപ്പെടെ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുകയും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുകയും വേണം. അത്യാധുനിക ചികിത്സാ സൗകര്യങ്ങൾക്കും അടിസ്ഥാന വികസനത്തിനുമായി ഫണ്ട് അനുവദിക്കേണ്ടതുണ്ട്. കൊച്ചി കാൻസർ സെൻററിന്റെ വികസനത്തിനും പരിഗണനയുണ്ടാകണം. ജില്ലയിലെ വിവിധ സർക്കാർ ആതുരാലയങ്ങളുടെ സമഗ്ര വികസനത്തിന് ബജറ്റിൽ തുക വകയിരുത്തണമെന്നാണ് ഉയരുന്ന ആവശ്യം.
മത്സ്യമേഖലയുടെ ആവശ്യങ്ങൾ പരിഗണിക്കണം
ഇത്തവണയെങ്കിലും മത്സ്യമേഖലയുടെ ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. മേഖലക്കായി സമഗ്ര പാക്കേജ് വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായ തൊഴിൽ നഷ്ടം, തീരത്തുണ്ടാകുന്ന നാശനഷ്ടം എന്നിവയിലൊക്കെ പ്രയാസത്തിലാണ് മത്സ്യതൊഴിലാളി കുടുംബങ്ങൾ. ഹാർബറുകളുടെ നവീകരണം, കൃത്യമായ വെസ്സൽ മോണിറ്ററിങ് സിസ്റ്റം, കടലിലെ പ്ലാസ്റ്റിക് മാലിന്യം മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങിയവയിലൊക്കെ ഇടപെടൽ വേണമെന്നാണ് ആവശ്യം.
മേഖലയെക്കുറിച്ച് മനസ്സിലാക്കാൻ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് സംഘടന നേതാക്കൾ വ്യക്തമാക്കുന്നു. മത്സ്യമേഖലക്കുള്ള വിഹിതം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തുന്നു.