ആലുവ: നഗരത്തിൽ പട്ടാപ്പകലുണ്ടായ വൻ കവർച്ച കേസിൽ വഴിത്തിരിവ്. കവർച്ച നാടകം പൊളിച്ച് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ആഭിചാര ക്രിയ നടത്തുന്ന കളമശ്ശേരിയിൽ വാടകക്ക് താമസിക്കുന്ന തൃശൂർ ചിറമനങ്ങാട് പടലക്കാട്ടിൽ ഉസ്താദ് എന്നു വിളിക്കുന്ന അൻവർ (36) അറസ്റ്റിൽ. ആഭിചാര ക്രിയയുടെ പേരിൽ വീട്ടമ്മയെ ഭയപ്പെടുത്തി ഇയാൾ പല ഘട്ടങ്ങളിലായാണ് പണവും സ്വർണവും തട്ടിയെടുത്തത്.
പിടിക്കപ്പെടാതിരിക്കാനാണ് വീട്ടമ്മയെ കൊണ്ട് കവർച്ചാനാടകം അവതരിപ്പിച്ചത്. ജനുവരി ആറിന് ആലുവ ‘കാസിനോ’ തീയറ്ററിന് പുറകിൽ ഇബ്രാഹിം കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. പകൽ ആരുമില്ലാതിരുന്ന സമയത്ത് വീടിന്റെ പൂട്ട് പൊളിച്ച് 40 പവനോളം സ്വർണവും എട്ടുലക്ഷം രൂപയും മോഷണം പോയതായാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു.
ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പരാതി ലഭിച്ച ഉടനെ പൊലീസ് സംഘവും, വിരലടയാള വിദഗ്ദരും, ഫോറൻസിക് സംഘവും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ കവർച്ച നാടകമാണെന്ന് മനസ്സിലായി. തുടർന്ന് വീട്ടുകാരെ ചോദ്യം ചെയ്തതിൽ ആഭിചാര ക്രിയ ചെയ്യുന്ന ഉസ്താദിന്റെ നിർദേശാനുസരണമാണ് ഇപ്രകാരം ചെയ്തതെന്ന് വീട്ടമ്മ പൊലീസിനോട് സമ്മതിച്ചു. അൻവറിനെക്കുറിച്ചും, ഇയാളുടെ ഇടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ കെ. നന്ദകുമാർ, എസ്. ശ്രീലാൽ, എം.സി. ഹരീഷ്, അരുൺ ദേവ്, ചിത്തുജി, സിജോ ജോർജ്, എ.എസ്.ഐ വിനിൽകുമാർ, എസ്.സി.പി.ഒ നവാബ്, സി.പി.ഒമാരായ പി.എ. നൗഫൽ, മുഹമ്മദ് അമീർ, മാഹിൻഷാ അബൂബക്കർ, കെ.എം. മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
തട്ടിപ്പ് വീട്ടമ്മയുടെ അന്ധവിശ്വാസം ചൂഷണം ചെയ്ത്
ആലുവ: വീട്ടമ്മയുടെ അന്ധവിശ്വാസം ചൂഷണം ചെയ്താണ് പ്രതി അൻവർ പണവും സ്വർണവും തട്ടിയെടുത്തത്. ഭർത്താവിനും മക്കൾക്കും അപകട മരണം സംഭവിക്കുമെന്ന് വീട്ടമ്മയെ വിശ്വസിപ്പിച്ചിരുന്നു. അതിന് പരിഹാരം ചെയണമെന്നും പറഞ്ഞ് തവണകളായി പണവും, സ്വർണവും കൈപ്പറ്റുകയായിരുന്നു. ഇയാളുടെ നിർദേശ പ്രകാരമാണ് മുൻവശത്തെ ഡോറിന്റെ ലോക്ക് പൊളിച്ചതും വീട്ടിൽ കവർച്ച നടന്ന രീതിയിൽ ചിത്രീകരിച്ചതും. സ്വർണവും പണവും കിട്ടിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. ബന്ധു മുഖേന രണ്ട് വർഷം മുമ്പാണ് വീട്ടമ്മ ഇയാളെ പരിചയപ്പെട്ടത്.
പല പ്രാവശ്യങ്ങളായാണ് വീട്ടമ്മ പണം നൽകിയത്. പിടിക്കപ്പെടുമെന്നായപ്പോഴാണ് അൻവറിന്റെ നിർദേശപ്രകാരം കവർച്ച നാടകം നടത്തിയത്. ഇയാളെ വീട്ടമ്മ അന്ധമായി വിശ്വസിച്ചിരുന്നു. പണവും സ്വർണവും വീട്ടിലിരിക്കുന്നത് അപകടമാണെന്നും മാന്ത്രിക ക്രിയകൾ പ്രതികൂലമാകുമെന്നും ഇയാൾ വിശ്വസിപ്പിച്ചു.
വീട്ടിൽ പണവും സ്വർണവും തീർന്നപ്പോഴാണ് നാടകം നടത്താൻ ഉപദേശിച്ചത്. വാതിൽ പുറമെ നിന്ന് പൊളിക്കാനും, തുണി വലിച്ചുവാരി ഇടാനും ഇയാൾ നിർദേശിച്ചു. അതിൻ പ്രകാരമാണ് വീട്ടമ്മ ചെയ്തത്.
+ There are no comments
Add yours