കളമശ്ശേരി: വല്ലാർപാടം പാതയിൽ റീ ടാറിങ് നടക്കവെ പാതയിലും അനുബന്ധ പ്രധാന റോഡുകളിലും വാഹനങ്ങൾ കുരുങ്ങി യാത്രക്കാർ വലഞ്ഞു. നാലുവരി പാതയിൽ മഞ്ഞുമ്മലിനും ചേരാനല്ലൂരിനും മധ്യ ഭാഗത്ത് നിർമാണം നടക്കുന്നതുമായി ബന്ധപ്പെട്ടുള്ള കുരുക്കാണ് വാഹനങ്ങളേയും യാത്രക്കാരെയും വലച്ചത്. വൈകീട്ട് നാല് മുതലാണ് വാഹന കുരുക്ക് തുടങ്ങിയത്. രണ്ടു വരി പാത ടാറിങ്ങിന് ഉപയോഗിക്കുന്ന ടവർ മെഷീൻ റോഡിൽ നിർത്തിയിട്ട് പോയതാണ് വാഹന കുരുക്കിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. മുന്നറിയിപ്പില്ലാതിരുന്നതിനാൽ വാഹനങ്ങൾ ടാറിങ്ങ് നടത്തുന്ന യന്ത്രത്തിന് പിന്നിലേക്ക് ഓടിച്ചെത്തി. എന്നാൽ യന്ത്രം പാത നിറഞ്ഞ് കിടക്കുന്നതിനാൽ മുന്നോട്ട് പോകാനും കഴിഞ്ഞില്ല.
ഇരുചക്ര വാഹനങ്ങൾ മീഡിയനിൽ കയറ്റിയാണ് പോയത്. ഈ സമയം യന്ത്രത്തിലെ ജീവനക്കാർ ആരും തന്നെ സ്ഥലത്തുണ്ടായില്ല. പിന്നാലെ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഏലൂർ പൊലീസ് വൈകിട്ട് ഏഴ് മണിയോടെ ജീവനക്കാരെ കണ്ടെത്തി യന്ത്രം നീക്കി വാഹനങ്ങൾ കടത്തി വിടുകയായിരുന്നു. വല്ലാർപാടം നാല് വരി പാത, മഞ്ഞുമ്മൽ, ചേരാനല്ലൂർ പറവൂർ റോഡ് തുടങ്ങി വഴികളിലെല്ലാം വാഹനങ്ങൾ മണിക്കൂറോളം കുരുങ്ങി. ഇരുചക്ര വാഹനങ്ങൾ തുടങ്ങി കണ്ടയ്നർ ലോറികളും ആംബുലൻസുകളും അടക്കം കുരുക്കിൽപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.
+ There are no comments
Add yours