കൊച്ചി: ഐ.ടി. മേഖലയിൽ കുതിപ്പിനൊരുങ്ങി ഇൻഫോ പാർക്ക്. വമ്പൻ തൊഴിലവസരങ്ങളും നിക്ഷേപവും ലക്ഷ്യമിട്ടുളള അതിവേഗ വികസന പദ്ധതികളാണ് ഇൻഫേോ പാർക്കിലൊരുങ്ങുന്നത്. കൊച്ചി മെട്രോയും ജലമെട്രോയുമെല്ലാം ഇവിടേക്കെത്തുന്നതോടെ രാജ്യത്തെ തന്നെ മുൻ നിര ഐ.ടി ഹബുകളിലൊന്നായി ഇവിടം മാറുമെന്നാണ് വിലയിരുത്തൽ.
അതിവേഗ നിർമാണങ്ങൾ
നിലവിൽ ഇൻഫോ പാർക്ക് ഒന്നും രണ്ടും പദ്ധതി പ്രദേശങ്ങളിലായി അതിവേഗ നിർമാണ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഒന്നാംഘട്ട പദ്ധതി പ്രദേശത്ത് 1.5 ഏക്കർ സ്ഥലത്ത് വേൾഡ് ട്രേഡ് സെന്റർ ടവർ മൂന്നിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. 2.7 ലക്ഷം ചതുരശ്രയടിയിലാണ് നിർമാണം. ഇത് പൂർത്തിയാകുന്നതോടെ 3000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം രണ്ടാംഘട്ട പദ്ധതി പ്രദേശത്തെ 8.5 ഏക്കർ സ്ഥലത്ത് യു.എസ്.ടി ഗ്ലോബൽ കാമ്പസിന്റെ നിർമാണവും ആരംഭിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം ചതുരശ്രയടിയിലാണ് നിർമാണം. ഇത് പൂർത്തിയാകുന്നതോടെ 450 കോടി നിക്ഷേപവും 4500 പേർക്ക് തൊഴിലും ലഭിക്കുമെന്നാണ് സർക്കാർ വിശദീകരണം. ഇവിടെ 1.25 ഏക്കറിൽ ജിയോജിതും കാമ്പസ് നിർമാണം ആരംഭിച്ചിട്ടുണ്ട്.
ഗതാഗത സൗകര്യങ്ങളും വിപുലമാകും
റോഡ് വികസനത്തിനായി നാറ്റ്പാക് സമർപ്പിച്ച റിപ്പോർട്ടിന്മേൽ ചീഫ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തിയിട്ടുണ്ട്. ഹൃസ്വകാലയളവിൽ നടപ്പാക്കേണ്ട ഗതാഗത പരിഷ്കാരങ്ങളുടെ ഭാഗമായി ഇൻഫോ പാർക്കിന് മുന്നിലുളള റോഡിൽ വൺവേ സംവിധാനം ഒരുക്കി. ഇതോടൊപ്പം മറ്റ് റോഡ് വികസന പദ്ധതികളും സർക്കാർ പരിഗണനയിലാണ്.
6400 പേർക്ക് തൊഴിൽ ലഭിച്ചു
കഴിഞ്ഞ മൂന്നര വർഷത്തിനിടെ ഇവിടെ 103 കമ്പനികൾ പ്രവർത്തനമാരംഭിച്ചതായാണ് സർക്കാർ കണക്ക്. ഇത് വഴി 6400 പേർക്ക് തൊഴിൽ ലഭിച്ചതായും സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. ഇതോടൊപ്പം ഇവിടത്തെ സർക്കാർ ഐ.ടി മന്ദിരങ്ങൾ മുഴുവനായും വിവിധ കമ്പനികൾ ഓഫിസ് ആവശ്യത്തിനായി നൽകി.
നിലവിൽ 112 കമ്പനികൾ ഓഫിസ് സ്പേസിനായി അപേക്ഷ നൽകി ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. സ്ഥല പരിമിതി പരിഹരിക്കുന്നതിനായി ഇൻഫോ പാർക്ക് രണ്ടാംഘട്ടത്തിന് അനുബന്ധമായി ജി.സി.ഡി.എയുമായി ചേർന്ന് 300 ഏക്കറിൽ മിശ്രവികസന രീതിയിൽ മൂന്നാംഘട്ട വികസനത്തിനുളള പദ്ധതി നിർദേശം സർക്കാറിന് മുന്നിലെത്തിയിട്ടുണ്ട്. ഇതിലൂടെ 12000 കോടിയുടെ നിക്ഷേപവും ഒരു ലക്ഷത്തിലധികം നേരിട്ടുളള തൊഴിലവസരങ്ങളുമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
+ There are no comments
Add yours