മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നാലു ദിവസമായി കുടിവെള്ള വിതരണം തകരാറിൽ. വെള്ളിയാഴ്ച തുടങ്ങിയ കുടിവെള്ള പ്രശ്നത്തിന് ഇനിയും പരാഹാരമായില്ല. റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുടിവെള്ള പൈപ്പുകൾ പൊട്ടുന്നതിനു പുറമെ അമൃത് കുടിവെള്ള പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങളുമാണ് ജലവിതരണം തടസ്സപ്പെടാൻ കാരണം. വെള്ളം കിട്ടാതായത് വ്യാപാര സ്ഥാപനങ്ങളെ അടക്കം ബാധിച്ചു.
കഴിഞ്ഞ ദിവസം ചിലഭാഗങ്ങളിൽ വെള്ളം എത്തിയെങ്കിലും ആവശ്യത്തിന് ഫോഴ്സ് ഇല്ലായിരുന്നു. മുന്നറിയിപ്പില്ലാതെ കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് വലഞ്ഞ നാട്ടുകാർ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ജലവിതരണത്തിൽ വ്യക്തത വരുത്താൻ ഉദ്യോഗസ്ഥർക്കായില്ല.
പൊട്ടിയ പൈപ്പുകളിൽ അറ്റകുറ്റപ്പണി നടത്താൻ കരാർ ജീവനക്കാരുടെ നിസ്സഹകരണം മൂലം കാലതാമസം നേരിടുന്നതും ജല അതോറിറ്റി ഓഫിസിലെ പ്രധാന തസ്തികകൾ വരെ ഒഴിഞ്ഞു കിടക്കുന്നതും പ്രശ്നം രൂക്ഷമാക്കുകയാണ്.
മൂവാറ്റുപുഴ ഡിവിഷനിൽ ജല അതോറിറ്റിയിലെ അസി. എക്സിക്യുട്ടീവ് എൻജിനീയർ, അസി. എൻജിനീയർ തസ്തികകൾ ഉൾപ്പെടെ മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്നു. മറ്റ് ഉദ്യോഗസ്ഥർക്ക് പകരം ചുമതലകൾ നൽകിയിരിക്കുകയാണ്. കൊച്ചി- ധനുഷ്കോടി ദേശീയപാത നവീകരണം, അമൃത് പദ്ധതി എന്നിവ നടക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥ ക്ഷാമം ജല അതോറിറ്റിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നത്.�
+ There are no comments
Add yours