കൊച്ചി: 26 കിലോ ഗ്രേഡ് വൺ കഞ്ചാവുമായി രണ്ടുപേർ പൊലീസ് പിടിയിലായി. ഒഡിഷ റായ്ഗഡ് സ്വദേശികളായ പർഷുനാഗ് (35), പിൻറു നിമൽ (23) എന്നിവരാണ് സിറ്റി ഡാൻസാഫും സെൻട്രൽ പൊലീസും ചേർന്ന് നടത്തിയ ഓപറേഷനിൽ പിടിയിലായത്. ഒഡിഷയിൽനിന്ന് എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി ജില്ലകളിലേക്ക് വൻ തോതിൽ കഞ്ചാവ് എത്തിക്കുന്ന ലോബിയിൽപെട്ടവരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 35 കിലോ കഞ്ചാവുമായി സംഘത്തിൽപെട്ട നാലുപേരെ എളമക്കര സ്റ്റേഷൻ പരിധിയിൽനിന്ന് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ കഞ്ചാവുമായി പിടിയിലാവുകയായിരുന്നു.
10 കിലോ ഗ്രേഡ് വൺ കഞ്ചാവിന് ഒന്നര ലക്ഷം രൂപയാണ് വില ഈടാക്കിയിരുന്നത്. നാർകോട്ടിക് സെൽ അസി. കമീഷണർ അബ്ദുസ്സലാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.