കാക്കനാട്: മെട്രോ കാക്കനാട് പാത നിർമാണത്തിന്റെ ഭാഗമായി സംരക്ഷണ ഭിത്തിക്കായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടയിൽ ജലവിഭവ വകുപ്പിന്റെ 200 എം.എം കുടിവെള്ള പൈപ്പുപൊട്ടി.
സീപോർട്ട്-എയർപോർട്ട് റോഡിൽ ടി.വി സെൻറർ ദർശൻ നഗറിനുസമീപം തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് പൈപ്പ് പൊട്ടിയത്. ചിറ്റേത്തുകരയിൽ പൂർണമായും ഈച്ചമുക്ക്, തുതിയൂർ ഭാഗങ്ങളിൽ ഭാഗികമായും കുടിവെള്ളം മുടങ്ങി.
പൈപ്പിൽനിന്നുള്ള വെള്ളത്തിന്റെ മർദം കുറക്കാൻ സുരഭി നഗറിലേക്കുള്ള വാൽവ് പൂട്ടിയതോടെ ഈ ഭാഗങ്ങളിലും ഭാഗികമായി ജലവിതരണം മുടങ്ങി. സീപോർട്ട്-എയർപോർട്ട് റോഡിന്റെ അരികുചേർന്നാണ് കൊച്ചി റിഫൈനറിയിലേക്കുള്ള നാഫ്ത, ഡീസൽ കുഴലുകൾ കടന്നുപോകുന്നത്.
അശ്രദ്ധമൂലം ഈ പൈപ്പുകൾ തകർന്നാൽ വലിയ ദുരന്തത്തിന് കാരണമായേക്കാം. മെട്രോ റെയിൽ അധികൃതരോ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയോ സാന്നിധ്യമില്ലാതെയാണ് ഇവിടെ കുഴിയെടുത്തതെന്നും കരാറുകാരന്റെ അനാസ്ഥയാണ് പൈപ്പ് പൊട്ടാൻ കാരണമായതെന്നും വാർഡ് കൗൺസിലർ സി.സി. വിജുവും പ്രദേശവാസികളും പറഞ്ഞു. തൃക്കാക്കര ജല അതോറിറ്റിയുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി ആരംഭിച്ചു.