മട്ടാഞ്ചേരി: കനാലിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞ് വർഷങ്ങളായിട്ടും ഭിത്തി കെട്ടാൻ നടപടിയില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു. സംരക്ഷണഭിത്തിക്ക് പുറമെ റോഡും ഇടിഞ്ഞുതുടങ്ങി. ചെറിയ പത്തായ തോടിനോട് ചേർന്നുള്ള നെല്ലുകടവ് മാങ്ങാ ചാപ്ര മുതൽ ചിറളായി കടവ് വരെ നീളുന്ന ഭാഗത്തെ കനാലിന്റെ സംരക്ഷണ ഭിത്തിയാണ് പലയിടങ്ങളിലായി തകർന്നത്. ഭിത്തി ഇല്ലാത്ത ഭാഗങ്ങൾ അപകടഭീതി ഉയർത്തുന്നുണ്ട്.
കനാലിനോട് ചേർന്ന റോഡ് മൂന്ന് വർഷത്തോളമായി പൈപ്പ് സ്ഥാപിക്കുന്നതിനായി പൊളിച്ചിട്ടിരിക്കുകയാണ്. ഇതു വഴിയാത്ര ദുഷ്കരമാണ്. ചില ഭാഗങ്ങളിൽ റോഡ് കനാലിലേക്ക് ഇടിയുന്നതും ഭീതി ഉയർത്തുന്നു. നെല്ലു കടവിൽ സ്കൂട്ടർ, സൈക്കിൾ യാത്രക്കാർ തോട്ടിലേക്ക് വീണ സംഭവങ്ങളുമുണ്ട്. തകർന്ന റോഡ് കാരണം വർഷങ്ങളായി യാത്രാദുരിതം അനുഭവിച്ചുവരികയാണ് നാട്ടുകാർ. പല തവണ അധികൃതരോട് പരാതിപ്പെട്ടിട്ടും ഇതുവരെ നടപടികൾ ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
യാത്രാദുരിതം പരിഹരിക്കാൻ അടിയന്തിരമായി റോഡ് നവീകരണത്തിനും കനാലിന് സംരക്ഷണഭിത്തി കെട്ടുന്നതിനും നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.