മൂവാറ്റുപുഴ: മൂവാറ്റുപുഴ-പെരുമ്പാവൂർ എം.സി റോഡിൽ രണ്ട് അപകടങ്ങളിൽ ആറ് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ച മൂന്ന് മണിയോടെയായിരുന്നു ആദ്യഅപകടം. പേഴയ്ക്കാപ്പിള്ളി എസ് വളവിൽ നിര്‍ത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാറിടിക്കുകയായിരുന്നു.
കാര്‍ യാത്രക്കാരായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ചെങ്ങന്നൂര്‍ ഭാഗത്തുനിന്ന് റബര്‍ തടിയുമായി പെരുമ്പാവൂരിലേക്ക് പോകുകയായിരുന്നു തടിലോറി. തൊടുപുഴയില്‍ നിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്. തൊടുപുഴ സ്വദേശികൾക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ നാട്ടുകാരുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അര കിലോമീറ്റർ ദൂരെ പുലർച്ച നാലു മണിയോടെയായിരുന്നു രണ്ടാമത്തെ അപകടം.
നിയന്ത്രണംവിട്ട കാർ തൃക്കളത്തൂർ പള്ളിത്താഴത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാര്‍ യാത്രക്കാരൻ ചങ്ങനാശ്ശേരി മാടപ്പിള്ളി കൊച്ചുപറമ്പില്‍ ജിതിന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
രണ്ട് അപകടങ്ങളെ തുടര്‍ന്ന് എം.സി റോഡില്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടു. അഗ്നിരക്ഷാ സേനയെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സീനിയര്‍ ഫയര്‍ ഓഫിസർ അനീഷ് കുമാര്‍, ഫയര്‍ ഓഫിസര്‍ അയൂബ്, സോജന് ബേബി, റിയാസ് കെ.എം, സാബു ജോസഫ്, ഗോപിനാഥന്, അരോമല്‍, ടി.കെ.ടോമി എന്നിവരുടെ നേതൃത്വത്തിലാണ് അപകടത്തില്‍ തകര്‍ന്ന വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
അപകടമൊഴിയാതെ പാത; പരിഹാരം കാണാതെ അധികൃതർ
മൂവാറ്റുപുഴ: എം.സി റോഡിലെ തൃക്കളത്തൂർ, പേഴയ്ക്കാപ്പിള്ളി ഭാഗങ്ങളിൽ അപകടങ്ങൾ പെരുകുന്നു. നിയന്ത്രണം വിട്ട കാർ ലോറിക്ക് പിന്നിലും മറ്റൊരു കാർ ബസ് കാത്തിരിപ്പു കേന്ദ്രത്തിലും ഇടിച്ചു കയറിയതാണ് ഒടുവിലത്തെ സംഭവം.
അമിതവേഗവും അശ്രദ്ധയുമാണ് മിക്ക അപകടങ്ങൾക്കും കാരണം. ഒരു വർഷത്തിനിടെ തൃക്കളത്തൂർ പേഴയ്ക്കാപ്പിള്ളി പള്ളി പടി വരെയുള്ള മൂന്നുകിലോ മീറ്റർ ദൂരത്ത് നാൽപതിലേറെ അപകടങ്ങളാണുണ്ടായത്. ആറുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടങ്ങൾ തുടരുമ്പോഴും എട്ടുവർഷം മുമ്പ് റോഡ് സേഫ്റ്റി കമ്മിറ്റി നിർദേശിച്ച സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറാവുന്നില്ല. ദിനേനയെന്നോണമാണ് അപകടമുണ്ടാകുന്നത്.
അപകട മേഖലയായി മാറിയ തൃക്കളത്തൂർ മുതൽ പേഴയ്ക്കാപ്പിള്ളി വരെ മൂന്നു കിലോമീറ്റർ ദൂരത്ത് വേഗത നിയന്ത്രിക്കാൻ സംവിധാനം ഒരുക്കണമെന്ന റോഡ് സുരക്ഷാസമിതിയുടെ നിർദേശത്തിന് വർഷങ്ങളുടെ പഴക്കമുണ്ടങ്കിലും ഇതുവരെ നടപ്പായിട്ടില്ല. തൃക്കളത്തൂർ മേഖലയിൽ റോഡ് സേഫ്റ്റി കമ്മിറ്റി നിർദേശിച്ച സംവിധാനങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചിരുന്നു.
രണ്ടുമാസത്തിനകം പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നും നടന്നിട്ടില്ല. മൂവാറ്റുപുഴ-പെരുമ്പാവൂർ എം.സി റോഡിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത് തൃക്കളത്തൂർ ഭാഗത്താണ്. അപകടങ്ങൾ തുടർക്കഥയായതോടെയാണ് എട്ടു വർഷം മുമ്പ് വിദഗ്ധ സമിതി യോഗം ചേർന്ന് അപകടങ്ങൾ കുറക്കാൻ നിർദേശങ്ങൾ സമർപ്പിച്ചത്.
പെരുമ്പാവൂർ മുതൽ-മൂവാറ്റുപുഴ വരെയുള്ള 20 കിലോമീറ്റർ ദൂരത്തിൽ എട്ട് ഇടങ്ങൾ വിദഗ്ധ സംഘത്തിന്റ പരിശോധനയിൽ അപകട മേഖലകളായി കണ്ടെത്തിയിരുന്നു. ഇതിൽ ഏറ്റവും വലിയ അപകട മേഖലയായി കണ്ടത്തിയത് തൃക്കളത്തൂരായിരുന്നു. ഇവിടെ അപകടങ്ങൾ കുറയ്ക്കാൻ നിരവധിപരിഹാര മാർഗങ്ങളും നിർദേശിച്ചിരുന്നു. മുന്നറിയിപ്പ് സംവിധാനങ്ങൾ, വേഗത കുറക്കുന്നതിന് സ്പീഡ് ബ്രേക്കർ സ്ഥാപിക്കൽ തുടങ്ങിയ നിർദേശങ്ങളാണ് വിദഗ്ധ സമിതി മുന്നോട്ടുവച്ചത്.
ചില ഭാഗങ്ങളിൽ ഓവർ ടേക്കിങ് ഒഴിവാക്കാൻ ട്രാഫിക് കോൺ, സ്ഥാപിക്കുന്നതിനും ബസ് സ്റ്റോപ്പുകൾ നിലവിലുളള സ്ഥലങ്ങളിൽ നിന്നും മാറ്റി സ്ഥാപിക്കുന്നതിനും തീരുമാനിച്ചിരുന്നു.