കോതമംഗലം: കീരംപാറ, കവളങ്ങാട് പഞ്ചായത്തുകളിലെ ജനവാസമേഖലകളിൽ തമ്പടിച്ച കാട്ടാനകളിൽ രണ്ടെണ്ണം തട്ടേക്കാട് വനത്തിലേക്ക് തിരികെ പോയതായി സൂചന.
തട്ടേക്കാട് പക്ഷി സങ്കേതം വനത്തിൽനിന്ന് പെരിയാർ നീന്തിക്കടന്നെത്തിയ കൊമ്പനും പിടിയും കുട്ടിയുമടങ്ങുന്ന സംഘത്തിലെ പിടിയും കുട്ടിയും വെള്ളിയാഴ്ച രാത്രി തിരികെ പോയതായാണ് വനപാലകരുടെ നിഗമനം. നമ്പൂരിക്കൂപ്പ് പ്ലാന്റേഷനിലും ചാരുപാറ ഭാഗത്തു വനത്തിലുമായാണ് ആനകൾ തമ്പടിച്ചത്. വനത്തിൽനിന്ന് പെരിയാറിന് സമീപം വരെ വലിയ ആനയുടെയും കുട്ടിയാനയുടെയും കാൽപാട് കാണുന്നുണ്ട്.
ഇവ കടന്നുപോയ വഴിയിലെ കൃഷിയും നശിപ്പിച്ചിട്ടുണ്ട്. കൊമ്പൻ മറ്റു വഴിയിലൂടെ പോയിട്ടുണ്ടോയെന്നും സംശയിക്കുന്നു. ശനിയാഴ്ച ആനകളെ ആരും കണ്ടിട്ടിട്ടില്ല. ഒരു മാസത്തിലേറെയായി ഇവയെ തുരത്താൻ വനപാലകരും നാട്ടുകാരുമടങ്ങിയ ദൗത്യസംഘം നാലുവട്ടം ശ്രമിച്ചിട്ടും ഫലമുണ്ടായിരുന്നില്ല. ചാരുപാറ ഭാഗത്ത് കൊമ്പനോ മറ്റ് ആനകളോ ഉണ്ടോയെന്നറിയാൻ നിരീക്ഷണം തുടരുകയാണ്. നേര്യമംഗലത്തിനടുത്ത് കാഞ്ഞിരവേലിയിൽ ശാന്തുക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം വെള്ളിയാഴ്ച വൈകീട്ട് ആനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. 13 ആനകളാണ് റോഡ് കുറുകെ കടന്നെത്തി നാശമുണ്ടാക്കിയത്. ഇവിടെ വൈദ്യുതി വേലി തകരാറാണ് ആനകളെത്താൻ വഴിയൊരുക്കിയത്. ആനകളെ തുരത്താൻ വനപാലകരുടെ സഹായമുണ്ടാകാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം വ്യാപകമാകുകയാണ്.