കൊച്ചി: പണം വാങ്ങിയിട്ടും വാഗ്ദാനം ചെയ്ത നഴ്സിങ് സീറ്റ് നൽകാത്തതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് കവർച്ച നടത്തി വഴിയിൽ ഉപേക്ഷിച്ച സംഘത്തിലെ അഞ്ചു പേർ അറസ്റ്റിൽ. എറണാകുളത്ത് വാടകക്ക് താമസിക്കുന്ന ചാവക്കാട് സ്വദേശി ജോഷി മാത്യുവിനെയാണ് തട്ടിക്കൊണ്ടുപോയത്. ആലപ്പുഴ സ്വദേശികളായ റഈസ് (33), കൃഷ്ണ എം. നായർ (19), തൃശൂർ സ്വദേശി ജോവി ജോഷി (27), കളമശ്ശേരി സ്വദേശി നസറുദ്ദീൻ (27), ഏലൂർ സ്വദേശി നൽകുൽ എസ്. ബാബു (35) എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. എട്ടുപേർ ഒളിവിലാണ്.
രണ്ടുപേർ കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്. ജോഷി ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച നാല് കാറുകൾ കസ്റ്റഡിയിലെത്തിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. ഇടനിലക്കാരനായ എറണാകുളം സ്വദേശി അഖിലിനെ വിശ്വസിച്ച് റഈസ് നഴ്‌സിങ് സീറ്റുകൾ നൽകാമെന്ന് ഉറപ്പുനൽകി അഞ്ചുപേരിൽ നിന്നായി 18.5 ലക്ഷം രൂപ വാങ്ങിയിരുന്നു. ഈ പണം റഈസ് അഖിലിന് നൽകുകയും ചെയ്തു. എന്നാൽ, വാഗ്ദാനം ചെയ്ത സീറ്റ് ലഭിച്ചില്ല. പണം തിരികെ നൽകിയുമില്ല.
അഖിലിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ ഇയാളുടെ സുഹൃത്തായ ജോഷിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം.