കുസാറ്റ് ദുരന്തം: അഞ്ച് അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്ന് രജിസ്ട്രാർ; കക്ഷി ചേരാൻ മുൻ പ്രിൻസിപ്പലിന്‍റെ ഹരജി

Estimated read time 0 min read

കൊച്ചി: നാലുപേരുടെ മരണത്തിനിടയാക്കിയ കുസാറ്റ് ഓപൺ എയർ ഓഡിറ്റോറിയത്തിലെ നവംബർ 25നുണ്ടായ ദുരന്തം സംബന്ധിച്ച് നാല് അന്വേഷണങ്ങളും മജിസ്റ്റീരിയൽ അന്വേഷണവും പുരോഗമിക്കുന്നതായി സർവകലാശാല രജിസ്ട്രാർ ഹൈകോടതിയിൽ. ടെക്ക് ഫെസ്റ്റിന്റെ സമാപന ദിനത്തിൽ സംഗീതപരിപാടിക്കായി തടിച്ചുകൂടിയ ജനക്കൂട്ടത്തിന്‍റെ തിക്കിലും തിരക്കിലും വിദ്യാർഥികൾ മരണപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ നൽകിയ ഹരജിയിലാണ് രജിസ്ട്രാർ വി. മീരയുടെ വിശദീകരണം.

സംഭവത്തെത്തുടർന്ന് നവംബർ 27ന് സർവകലാശാല സിൻഡിക്കേറ്റ് യോഗം സിൻഡിക്കേറ്റ് അംഗം കെ.കെ. കൃഷ്‌ണകുമാർ കൺവീനറായ മൂന്നംഗ ഉപസമിതിയെ അന്വേഷണത്തിന് നിയോഗിച്ചിരുന്നു. ഇതിനുപുറമേ തൃക്കാക്കര അസി. കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം നടക്കുകയാണ്. സംഭവമുണ്ടായ ഉടൻ തന്നെ സർക്കാർ കൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടറോട് പ്രാഥമിക അന്വേഷണം നടത്തി രണ്ടുദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത് തടയാനുമുള്ള നിർദേശങ്ങൾ നൽകാനായി നവംബർ 28ന് വിദഗ്ധ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. ഇതിനുപുറമേ എറണാകുളം ജില്ല കലക്ടർ ഫോർട്ട്കൊച്ചി സബ് കലക്ടറോട് മജിസ്റ്റീരിയൽ അന്വേഷണം നടത്താൻ നിർദേശിച്ചിട്ടുണ്ടെന്നും രജിസ്ട്രാർ വി. മീര സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

കുസാറ്റിലെ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകാൻ നിയമപരമായി ഹരജിക്കാരന് അവകാശമില്ലെന്നും അഞ്ച് അന്വേഷണങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ജുഡീഷ്യൽ അന്വേഷണം ഇപ്പോൾ ആവശ്യമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

You May Also Like

More From Author