മട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാർബർ നവീകരണജോലികളിലെ സ്തംഭനാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹാർബർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട സമരം ആരംഭിച്ചു. ഹാർബറിലെ അസി. ട്രാഫിക് മാനേജറുടെ ഓഫിസ് ഉപരോധിച്ചാണ് രണ്ടാംഘട്ട സമരം തുടങ്ങിയത്.
2021-22 കേന്ദ്ര ബജറ്റിൽ രാജ്യത്തെ അഞ്ച് മത്സ്യബന്ധന തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് തെരഞ്ഞെടുത്തതിൽ ഒന്ന് കൊച്ചിയായിരുന്നു.
140 കോടിയുടെ പദ്ധതിയിൽ അത്യാധുനിക മത്സ്യശേഖരണ സംവിധാനങ്ങൾ, കയറ്റിറക്ക് സൗകര്യങ്ങൾ, തൊഴിലാളികൾക്ക് വിശ്രമ കേന്ദ്രം, താപനില നിയന്ത്രിത ലേലകേന്ദ്രം, പാക്കിങ് യൂനിറ്റുകൾ ഉൾപ്പെടെ ഹാർബറിനെ ആധുനീകരിക്കാനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. എന്നാൽ, പണി തുടങ്ങി 50 ശതമാനം പ്രദേശത്തെ കെട്ടിടങ്ങൾ പൊളിച്ചശേഷം നിർമാണം സ്തംഭനാവസ്ഥയിലായി. ഒരു വർഷത്തോളമായി സ്തംഭനാവസ്ഥ തുടർന്നതോടെയാണ് തൊഴിലാളികളും കച്ചവടക്കാരും ചേർന്ന് ഹാർബർ സംരക്ഷണ സമിതി രൂപവത്കരിച്ച് സമരം തുടങ്ങിയത്. ആയിരക്കണക്കിന് തൊഴിലാളികളാണ് കഴിഞ്ഞമാസം 13ന് ആദ്യഘട്ട സമരത്തിൽ പോർട്ട് ട്രസ്റ്റ് ഉപരോധിച്ചത്. ഈ സമരത്തിനുശേഷവും പോർട്ട് അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളില്ലാതെ വന്ന സാഹചര്യത്തിലാണ് ആദ്യഘട്ട സമരത്തിന് ഒരുമാസം തികഞ്ഞ ബുധനാഴ്ച രണ്ടാംഘട്ടം ആരംഭിച്ചത്.
അസി. ട്രാഫിക് മാനേജറുടെ ഓഫിസ് ഉപരോധിക്കുന്നതിനിടെ പോർട്ട് അധികൃതർ സമരസമിതി നേതാക്കളെ ചർച്ചക്ക് വിളിച്ചു. എന്നാൽ, പോർട്ട് ചെയർമാന് പകരം ഡെപ്യൂട്ടി ചെയർമാൻ ചർച്ചക്ക് വന്നതോടെ നേതാക്കൾ യോഗം ബഹിഷ്കരിച്ചു. ഇതിന് മുമ്പ് രണ്ടുതവണ ഡെപ്യൂട്ടി ചെയർമാനുമായി നടന്ന ചർച്ചയിലെ തീരുമാനങ്ങൾ നടപ്പാക്കാനാവാത്ത പശ്ചാത്തലത്തിലായിരുന്നു ബഹിഷ്കരണം.
സമരത്തിൽ, സംരക്ഷണ സമിതി ചെയർമാൻ കെ.എം. റിയാദ്, വൈസ് ചെയർമാൻ എ.എം. നൗഷാദ്, ജനറൽ കൺവീനർ ജാക്സൻ പൊള്ളയിൽ, സി.എസ്. യൂസഫ്, ഇസ്ഹാഖ് എന്നിവർ സംസാരിച്ചു.
ഹാർബറിലെ വാർഫിന്റെ പകുതിഭാഗത്തെ കെട്ടിടങ്ങൾ പൊളിച്ചശേഷം ഒരു വർഷം പിന്നിട്ടിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാതെ കരാർ കമ്പനിയും പോർട്ട് അതോറിറ്റിയും പരസ്പരം പഴിചാരുകയാണെന്ന ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്.