മൂവാറ്റുപുഴ: പൊതുമരാമത്ത് വകുപ്പിന് കീഴിലെ പായിപ്ര കവല-നെല്ലിക്കുഴി റോഡിലെ പായിപ്ര മേഖലയിൽ കൈയേറ്റം വ്യാപകമായി. ഇതുമൂലം കാൽനടയാത്രക്കുള്ള നടപ്പാത പോലും ഇല്ലാതായി. കൈയേറ്റം നിർബാധം നടക്കുമ്പോഴും പഞ്ചായത്ത് അധികൃതരോ പൊതുമരാമത്ത് വകുപ്പോ കണ്ടഭാവം നടിക്കുന്നില്ല. പായിപ്ര കവലയിൽ നിന്ന് തുടങ്ങി ചെറുവട്ടൂർ വഴി നെല്ലിക്കുഴിയിൽ എത്തുന്ന റോഡ് 12 കിലോമീറ്റർ ദൂരമുള്ളതാണ്. പായിപ്ര കവലയിൽ നിന്ന് തുടങ്ങുന്ന റോഡിലെ കൈനിക്കര ഭഗവതി ക്ഷേത്രത്തിന് എതിർവശം മുതൽ പായിപ്ര ഷാപ്പുംപടി ഭാഗത്ത് വരെ ഇരുഭാഗത്തും നിരവധി സ്ഥലങ്ങളിൽ റോഡുകൾ കൈയേറിയിരിക്കുകയാണ്.
ഇതുമൂലം യാത്രക്കാർക്ക് നടന്ന് പോകുന്നതിന് ഇടമില്ലാത്ത സ്ഥിതിയിലാണ്. ആറ് സ്വകാര്യ ബസുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന റോഡിൽ രണ്ട് വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാൻ പോലും കഴിയാത്ത സ്ഥിതിയാണ്. കൈയേറ്റം മൂലം റോഡ് വീതിയില്ലാത്തതിനാൽ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.
കഴിഞ്ഞദിവസം തടികയറ്റി വന്ന ലോറി മറിഞ്ഞതോടെ ഗതാഗതം സ്തംഭിച്ചിരുന്നു. ഇതൊക്കെ അറിഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പും ഉണർന്ന് പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. വാഹനഗതാഗതവും കാൽനടയാത്രയും സുഗമമാക്കാൻ കൈയേറ്റക്കാരെ ഒഴിപ്പിച്ച് റോഡിന്റെ വീതി കൂട്ടണം. അനധികൃമായി റോഡ് കൈയേറി കച്ചവടം നടത്തുവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണം. പരാതികൾ ഉയർന്നതോടെ റോഡ് കൈയേറ്റം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയർ ജൂലിൻ ജോസ് പറഞ്ഞു.