കൊച്ചി: ബ്രഹ്മപുരത്ത് ഭൂമിക്കടിയിലുള്ളത് ഏഴു ലക്ഷം ടണ്ണിലധികം മാലിന്യമെന്ന് ഹൈകോടതി. ഭൂമിക്ക് മുകളിലുള്ളതിനേക്കാൾ മാലിന്യം അടിയിലുണ്ട്. ലഭ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കാൻ എറണാകുളം ജില്ലയിൽ മതിയായ സൗകര്യമില്ലാത്ത സാഹചര്യത്തിൽ ഇതിനായി സി.എസ്.ആർ ഫണ്ടുകൾ ഉപയോഗപ്പെടുത്തണം.
കളമശ്ശേരിയിൽ മെട്രോയുടെ സ്ഥലത്ത് നിന്ന് മാലിന്യം നീക്കാൻ കരാറെടുത്ത സ്വകാര്യ ഏജൻസി ഇത് എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നതെന്നതിൽ വ്യക്തത വേണം. ആലപ്പുഴയിൽ നിന്നുള്ള കക്കൂസ്, പ്ലാസ്റ്റിസ് മാലിന്യമടക്കം ഫോർട്ടുകൊച്ചി തീരത്തേക്ക് ഒഴുകിയെത്തി അവിടെ അടിഞ്ഞുകൂടുന്ന സാഹചര്യമുണ്ടെന്ന് അമിക്കസ് ക്യുറി കോടതിയെ അറിയിച്ചു.
നഗരസഭയും തുറമുഖ ട്രസ്ററിലെ വിദഗ്ദ്ധരുമായി ചേർന്ന് അടിയന്തര പരിഹാരം ആലോചിക്കണമെന്ന് കോടതി നിർദേശിച്ചു. ഫാക്ട് വളപ്പിലെ ജിപ്സം മല നീക്കി ഹൈവേ വികസനത്തിന് ഉപയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്ന കോടതി നിർദേശത്തിൽ ദേശീയപാത അതോറിറ്റി തണുപ്പൻ സമീപനമാണ് സ്വീകരിച്ചതെന്നും കുന്നിടിച്ച് മണ്ണു കൊണ്ടുവരുന്നതിലാണോ അതോറിറ്റിക്ക് താൽപര്യമെന്നും ചോദിച്ചു. കടലിന്റെ ആഴം കൂട്ടുമ്പോൾ ലഭിക്കുന്ന മണ്ണ് ഉപയോഗിക്കുന്ന കാര്യത്തിലും പ്രതികരണമില്ല.
എന്നാൽ, കോടതി നിർദേശം അവഗണിച്ചതല്ലെന്നും ജിപ്സം മണ്ണുമായി കലർത്തി ഉപയോഗിക്കുന്നതിന്റെ പഠനറിപ്പോർട്ട് കാത്തിരിക്കുകയാണെന്നുമായിരുന്നു ഹൈവേ അധികൃതരുടെ മറുപടി. ഇക്കാര്യത്തിലുള്ള സാധ്യത വീണ്ടും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു.
മഴയും വെള്ളക്കെട്ടുമുണ്ടായാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുകിനടക്കുന്ന കാഴ്ചയാണ് കൊച്ചിയിലേതെന്ന് കോടതി ചൂണ്ടിക്കാട്ടി. മഴക്കാലമെത്തിയിട്ടും കനാലുകളിലേക്ക് തുറക്കുന്ന കനാലുകളുടെ ഭാഗം പലയിടങ്ങളിലും വൃത്തിയാക്കാത്തതാണ് മാലിന്യമടിയുന്നതിന്റെ പ്രധാന കാരണം. കൊച്ചിയിൽ ശരിയായ ഡ്രെയിൻ മാപ്പിങും ക്ലീനിങ് കലണ്ടറുമില്ലാത്തതിനാൽ ഓടകളുടെ ആഴവും ഒഴുക്കും കൃത്യമായി നിർണയിക്കാനാകുന്നില്ലെന്നും സ്റ്റേഡിയം ലിങ്ക് റോഡ് കനാൽ രണ്ടു തവണ ശുചിയാക്കിയിട്ടും വീണ്ടും പ്ലാസ്റ്റിക് തള്ളുകയാണെന്നും കൊച്ചി കോർപറേഷൻ സെക്രട്ടറി അറിയിച്ചു. ഇവിടെ സി.സി.ടി.വി ക്യാമറകളിലില്ലേയെന്ന് കോടതി ചോദിച്ചു.
നഗരത്തിൽ 300 ക്യാമറകൾ വെക്കാൻ പദ്ധതിയുണ്ടെങ്കിലും പരസ്യം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കരാറുകാരുമായുള്ള തർക്കം മൂലം നടന്നിട്ടില്ലെന്നായിരുന്നു മറുപടി. പ്ലാസ്റ്റിക് അടിയുന്ന ചാലുകൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ അമിക്കസ് ക്യൂറിക്ക് കോടതി നിർദേശം നൽകി. വേലിയേറ്റ സമയത്താണ് ഓടകളും കനാലുകളും വൃത്തിയാക്കുന്ന ജോലികൾ കോർപറേഷൻ ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി വേലിയിറക്ക സമയത്ത് ചെയ്യുന്നതാണ് കൂടുതൽ ഫലപ്രദവും ചെലവുകുറവും പ്രായോഗികവുമെന്നും വ്യക്തമാക്കി.