കൊച്ചി: എറണാകുളം മണ്ഡലത്തിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ രാവിലെ ഒമ്പതിന് മുമ്പുതന്നെ വോട്ട് രേഖപ്പെടുത്തും. നടൻ മമ്മൂട്ടിക്ക് പൊന്നുരുന്നി സി.കെ.പി എൽ.പി സ്കൂളിലെ 64ാം നമ്പർ ബൂത്തിലാണ് വോട്ട്. എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ. ഷൈൻ രാവിലെ ഏഴിന് നോർത്ത് പറവൂർ വെടിമറ കുമാരവിലാസം എൽ.പി സ്കൂളിലെ 105ാം നമ്പർ ബൂത്തിലും യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡൻ രാവിലെ ഏഴിന് മാമംഗലം എസ്.എൻ.ഡി.പി ഹാളിലും എൻ.ഡി.എ സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ രാവിലെ ഏഴിന് ചേരാനല്ലൂരിലെ 15ാം നമ്പർ ബൂത്തിലും (പഴയ പഞ്ചായത്ത് കെട്ടിടം) വോട്ട് രേഖപ്പെടുത്തും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കുടുംബവും രാവിലെ ഏഴിന് പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ കോളജിൽ വോട്ട് രേഖപ്പെടുത്തും. സിറോ മലബാർ സഭ മേജർ ആർച് ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ എന്നിവർ കാക്കനാട് തെങ്ങോട് ഗവ. സ്കൂളിൽ രാവിലെ എട്ടിനും 8.30നും ഇടയിൽ വോട്ട് രേഖപ്പെടുത്തും. വരാപ്പുഴ ആർച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ എറണാകുളം സെൻറ് മേരീസ് സ്കൂളിൽ രാവിലെ 8.30ന് വോട്ട് രേഖപ്പെടുത്തും. ജസ്റ്റിസ് ദേവൻ രാമചന്ദ്രനും കുടുംബവും രാവിലെ 8.30ന് പാലാരിവട്ടം വിൻസന്റ് ഡി പോൾ കോൺവെന്റ് സ്കൂളിലെ 51ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തും.
എം.എൽ.എമാരായ ഉമ തോമസ് രാവിലെ ഏഴിന് പാലാരിവട്ടം വിൻസെന്റ് ഡി പോൾ കോൺവെന്റ് സ്കൂളിലും ടി.ജെ വിനോദും കുടുംബവും രാവിലെ ഏഴിന് പാലാരിവട്ടം എസ്.ഡി.ഡി.ഡി.ഐ.ടി.സി പുതിയ റോഡിലും (ഹരിജൻ വെൽഫെയർ സെന്റർ ഓഫിസ് മുറി) വോട്ട് രേഖപ്പെടുത്തും.