പെരുമ്പാവൂര്‍: ഓട്ടത്തിനിടയിലെ ഇടവേളകളില്‍ ലോക്സഭ തെരഞ്ഞെടുപ്പ് ചര്‍ച്ചയിലാണ് സ്വകാര്യ സ്റ്റാൻഡിലെ ബസ് ജീവനക്കാര്‍. ഏത് പാര്‍ട്ടിക്ക് വോട്ട് ചെയ്താലും പ്രയോജനമില്ലെന്ന നിസ്സംഗമായ വിലയിരുത്തലിലാണ് പലരും.
ജീവിത ചെലവ് പതിന്മടങ്ങ് വര്‍ധിച്ചതിലുള്ള അമര്‍ഷം ഇവരുടെ വാക്കുകളില്‍ പ്രകടമാണ്. ആരായിരിക്കും ജയിക്കുക എന്ന ചോദ്യത്തിന് ‘ആര് അധികാരത്തില്‍ വന്നാലും നമ്മള് പണിയെടുത്താല്‍ ജീവിക്കാമെന്ന’ നിരാശ നിറഞ്ഞ പതിവ് മറുപടിയാണ് ചിലർ നൽകിയത്.
ബസ് ഉടമകള്‍ നേരിടുന്ന പ്രതിസന്ധി തൊഴിലാളികളെയും സാരമായി ബാധിക്കുന്നുണ്ട്. ഇന്ധന വിലയും വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവുകളും കണക്കാക്കുമ്പോള്‍ ബസ് സര്‍വിസ് നഷ്ടമാണ്. ആദ്യകാലം മുതല്‍ ചെയ്യുന്ന തൊഴില്‍ ഭൂരിപക്ഷവും തുടര്‍ന്നുപോകുന്നു എന്ന് മാത്രം. ബസ് സര്‍വിസ് മിക്കവരും വൻ ബാധ്യതയിലാണ് മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് ഇവര്‍ പറയുന്നു. നഷ്ടം തൊഴിലാളികളെയും ബാധിക്കുകയാണ്. റോഡുകളുടെ തകര്‍ച്ചയും അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയുമെല്ലാം ചര്‍ച്ചയില്‍ കടന്നുവരുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളോടുള്ള പ്രതിഷേധമാകും ഈ തെരഞ്ഞെടുപ്പ് വിധിയെന്ന് ഒരു കൂട്ടര് പറയുമ്പോള്‍ മറ്റൊരു വിഭാഗം പറയുന്നത് വര്‍ഗീയതയും വിഭാഗീയതയും ഇളക്കിവിടുന്ന മോദി സര്‍ക്കാരിനെതിരായ വിധിയെഴുത്തായി ലോക്സഭ തെരഞ്ഞെടുപ്പ് മാറുമെന്നാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ തൊഴിലാളികള്‍ക്കൊപ്പം നിന്ന കാലഘട്ടം മാറി. ഇപ്പോള്‍ മുതലാളിത്തം സംരക്ഷിക്കുന്ന നിലപാടാണ്-ഇതാണ് ചിലരുടെ പരിഭവം.
കണ്ടക്ടര്‍മാരായ റംഷാദ്, മണി, ഡ്രൈവര്‍മാരായ സുരേഷ്, അജ്മല്‍ എന്നിവര്‍ നിലവില്‍ രാജ്യത്തിന്റെ സ്ഥിതിഗതികളിൽ ആശങ്കാകുലരാണ്. സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ അഞ്ച് വര്‍ഷം ഭരണം മികച്ചതായിരുന്നു. ഭരണത്തുടര്‍ച്ചയില്‍ അവര്‍ അഹങ്കാരികളായി എന്ന അഭിപ്രായം പങ്കുവെച്ചവരുമുണ്ട്. പ്രതിപക്ഷം ജനപക്ഷത്ത് നിന്ന് അവരുടെ കര്‍ത്തവ്യം നിറവേറ്റുന്നില്ല. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യും; പക്ഷേ, ഈ സാഹചര്യത്തില്‍ ആരുടെ പക്ഷത്ത് നില്‍ക്കുമെന്ന് ഒരു ധാരണയുമില്ല എന്നാണ് ചില ജീവനക്കാരുടെ നിലപാട്.
ജോലിക്കിടെ യാത്രക്കാരുടെ ആവലാതികളും ബുദ്ധിമുട്ടുകളും കേള്‍ക്കുമ്പോള്‍ അത് തങ്ങളുടെയും അനുഭവമായി തോന്നാറുണ്ടെന്നും ഇവര്‍ പറയുന്നു. ബൂത്തിലെത്തുമ്പോൾ ആലോചിച്ച് വിവേകപൂർവം സമ്മതിദാനം വിനിയോഗിക്കാമെന്ന് മനസ്സിലുറപ്പിച്ച് അവർ വീണ്ടും യാത്രയുടെയും യാത്രക്കാരുടെയും തിരക്കുകളിലേക്ക് ഡബിൽ ബെല്ലടിച്ച് കടന്നു.