വൈപ്പിൻ: രാഷ്ട്രീയ അടിയൊഴുക്കുകള്‍ ശക്തമായ തീരദേശ മണ്ഡലമായ വൈപ്പിനില്‍ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആവേശത്തിന് ഒട്ടും കുറവില്ല. പരിചയ സമ്പന്നതയും വികസന പ്രവര്‍ത്തനങ്ങളും മുന്‍ നിർത്തി യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡന് മണ്ഡലം ഇളക്കി മറിച്ച് മുന്നേറുമ്പോള്‍ കോട്ടപ്പുറം അതിരൂപതക്ക് ഏറെ സ്വാധീനമുള്ള വൈപ്പിനില്‍ പള്ളിപ്പുറം സെന്റ് മേരീസ് യു.പി സ്കൂള്‍ അധ്യാപികയായ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ജെ. ഷൈനും പ്രചാരണത്തിൽ ഒട്ടും പിന്നിലല്ല.
കടമക്കുടി, മുളവുകാട്, എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറക്കല്‍, പള്ളിപ്പുറം പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് വൈപ്പിൻ നിയമസഭ മണ്ഡലം. കടമക്കുടി, ഞാറക്കൽ, കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകളിൽ എൽ.ഡി.എഫും മറ്റു അഞ്ച് മണ്ഡലങ്ങളിൽ യു.ഡി.എഫുമാണ് ഭരണം.
2008 ലെ മണ്ഡല പുനർനിർണയത്തിന് ശേഷം നടന്ന 2011ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അജയ് തറയിലിനെതിരെ 5242 വോട്ട് മാത്രമായിരുന്നു എസ്. ശർമയുടെ ഭൂരിപക്ഷം. 2016 ൽ കെ.ആർ. സുഭാഷിനെതിരെ 19,353 വോട്ടായി ശർമയുടെ ഭൂരിപക്ഷം ഉയർന്നു. എന്നാൽ, ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് വ്യക്തമായ മേല്‍ക്കൈ നേടുന്നതാണ് വൈപ്പിനിലെ പ്രവണത. നിയമസഭയിലേക്ക് ഇടത് സ്ഥാനാര്‍ഥികളെയാണ് പിന്തുണക്കുന്നതെങ്കിലും വൈപ്പിൻ പൊതുവേ യു.ഡി.എഫ് അനുകൂല മണ്ഡലമായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ട്വിന്റി -ട്വന്റിയുടെ സ്ഥാനാര്‍ഥിത്വമാണ് എല്‍.ഡി.എഫിനെ അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സഹായിച്ചതെന്നാണ് വിലയിരുത്തല്‍. ബി.ജെ.പിയെ പിന്തള്ളി പതിനാറായിരത്തോളം വോട്ട് നേടി ട്വന്റി -ട്വന്റി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. യു.ഡി.എഫിനും കോണ്‍ഗ്രസിനും മേല്‍ക്കൈ ഉണ്ടായിരുന്ന ബൂത്തുകളിലാണ് ട്വന്റി -ട്വന്റി സ്വാധീനം ചെലുത്തിയത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഉപതെരഞ്ഞെടുപ്പ് നടന്ന പള്ളിപ്പുറത്തെയും എടവനക്കാട്ടെയും സി.പി.എമ്മിന്റെ കുത്തക വാര്‍ഡുകളില്‍ കോൺഗ്രസ് അട്ടിമറി വിജയം നേടി. ഇക്കുറിയും ട്വന്റി-ട്വന്റി സ്ഥാനാര്‍ഥി രംഗത്തുണ്ടെങ്കിലും കാര്യമായ ചലനം സൃഷ്ടിക്കാൻ സാധ്യതയില്ല. വ്യക്തിപ്രഭാവവും മണ്ഡലത്തില്‍ പുലത്തുന്ന ശ്രദ്ധയും ഹൈബിക്ക് ഗുണം ചെയ്യുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളും പാരവെപ്പും യു.ഡി.എഫ് സ്ഥാനാര്‍ഥികൾക്ക് തിരിച്ചടിയാകാറുണ്ടെങ്കിലും ഹൈബി അത്തരം ഭീഷണികള്‍ നേരിടുന്നില്ല. പതിവുപോലെ എണ്ണയിട്ട യന്ത്രം പോലെയാണ് എല്‍.ഡി.എഫ് പ്രചാരണം. എന്നാൽ, ഷൈനിനെ സ്ഥാനാര്‍ഥിയാക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി നേരത്തെ അവരെ മണ്ഡലത്തിന് പരിചയപ്പെടുത്തണമായിരുന്നു എന്ന് അഭിപ്രായമുള്ള എല്‍.ഡി.എഫ് നേതാക്കള്‍ ഏറെയാണ്. തീരദേശത്തെ ധീവര സമുദായത്തിനിടയില്‍ പഴയ സ്വാധീനമില്ലാത്തത് ബി.ജെ.പിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്.