ആലുവ: കാണാതായ അസി. പോസ്റ്റ്മാസ്റ്ററെ മരിച്ചനിലയിൽ കണ്ടെത്തി. മുഖ്യ തപാൽ ഓഫിസിലെ അസി. പോസ്റ്റ് മാസ്റ്റർ ആലുവ മുപ്പത്തടം സ്വദേശി കണ്ണിക്കൽ വീട്ടിൽ കെ.ജി. ഉണ്ണികൃഷ്ണന്‍റെ (53) മൃതദേഹമാണ് വെള്ളിയാഴ്ച പോസ്റ്റൽ സൂപ്രണ്ട് ഓഫിസിൽ കണ്ടെത്തിയത്. കെട്ടിടത്തിലെ പഴയ ഫയലുകൾ സൂക്ഷിക്കുന്ന കെട്ടിടത്തിലായിരുന്നു മൃതദേഹം.
ഈ മാസം 16ന് രാവിലെ ജോലിക്കെത്തിയ ഇദ്ദേഹത്തെ രാവിലെ 11 മണിയോടെ കാണാതാവുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.
വ്യക്തിപരമായ ചില പ്രശ്നങ്ങൾമൂലം മാനസികപ്രയാസങ്ങൾ അനുഭവിച്ചിരുന്നതായി അറിയുന്നു. ഇതിനിടയിലാണ് കാണാതായത്. അതിനാൽതന്നെ ഉടനെ സഹപ്രവർത്തകർ അന്വേഷണം നടത്തിയിരുന്നു. ആലുവ പൊലീസ് നടപടികൾ സ്വീകരിച്ചു.
പിതാവ്: ഗോപാലകൃഷ്ണൻ. മാതാവ്: ജാനകി അമ്മ. ഭാര്യ: മായാദേവി. മക്കൾ: വിമൽ കൃഷ്ണ, വിസ്മയ, വിജയ്.