ആലുവ: പേവിഷബാധ നിയന്ത്രണത്തിന്റെ ഭാഗമായി ആലുവ മുനിസിപ്പൽ പ്രദേശത്തെ തെരുവുനായ്ക്കൾക്ക് ചൊവ്വാഴ്ച മുതൽ ആന്റി റാബിസ് വാക്സിനേഷൻ നൽകും. കഴിഞ്ഞയാഴ്ച പേവിഷ ബാധയുണ്ടായിരുന്ന നായ് നിരവധിയാളുകളെ കടിച്ചിരുന്നു. ഇതേ തുടർന്നാണ് നഗരസഭ പേവിഷ ബാധ നിയന്ത്രിക്കാൻ നടപടിയെടുത്തത്. നഗരസഭയിലെ വിവിധ വാർഡുകളിൽ നാല് ദിവസങ്ങളിലാണ് കുത്തിവെപ്പ് നടത്തുക. ചൊവ്വാഴ്ച 15 മുതൽ 21 വരെയുള്ള വാർഡുകളിലും ബുധനാഴ്ച ഒമ്പത് മുതൽ 14 വരെയും വ്യാഴാഴ്ച എട്ട്, 22 മുതൽ 26 വരെയും വെള്ളിയാഴ്ച ഒന്നു മുതൽ ഏഴു വരെയും വാർഡുകളിലാണ് കുത്തിവെപ്പ്.
മൂന്ന് നായ് പിടിത്തക്കാരും രണ്ട് വാക്സിനേറ്ററും ഒരു ഡോക്ടറും മുനിസിപ്പൽ ജീവനക്കാരും ഉൾപ്പെട്ട ടീം ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്. രാവിലെ 6.30 മുതൽ 10 വരെയും വൈകീട്ട് 3.30 മുതൽ ആറുവരെയുമാണ് ടീം പ്രവർത്തിക്കുക. വൈറസ് സാധ്യതയുള്ള നായ്ക്കൾ കുത്തിവെപ്പിനെ തുടർന്ന് പേവിഷബാധ ലക്ഷണങ്ങൾ കാണിക്കാൻ സാധ്യതയുണ്ട്. ഇത്തരം നായ്ക്കളെ കണ്ടെത്തി പ്രത്യേകം തയാറാക്കിയ കൂടുകളിൽ നിരീക്ഷണത്തിന് സൂക്ഷിക്കും. പൊതുജനങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതും പേവിഷബാധ ലക്ഷണം കാണിക്കുന്ന തെരുവുനായ്ക്കളെ ശ്രദ്ധയിൽപെട്ടാൽ വിവരം നഗരസഭയിൽ അറിയിക്കണമെന്നും സെക്രട്ടറി അറിയിച്ചു.