കാലടി: മധ്യകേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ ഉള്‍ക്കൊള്ളുന്ന അതിരപ്പിള്ളി -കോടനാട് ടൂറിസം സര്‍ക്യൂട്ട് പദ്ധതി അധികൃതരുടെ അനാസ്ഥയില്‍ ഉപേക്ഷിച്ച നിലയില്‍. അതിരപ്പിള്ളിയില്‍ നിന്നാരംഭിച്ച് തുമ്പൂര്‍മുഴി, ഏഴാറ്റുമുഖം, മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍, തിരുവൈരാണിക്കുളം, നാഗഞ്ചേരി മന, ഇരിങ്ങോള്‍, കല്ലില്‍ ക്ഷേത്രം എന്നിവിടങ്ങളിലൂടെ കോടനാട് അവസാനിക്കുന്ന വിധത്തിലാണ് സര്‍ക്യൂട്ട് രൂപകൽപന ചെയ്തിരുന്നത്. പ്രകൃതിയുടെ സ്വാഭാവികത നിലനിര്‍ത്തിക്കൊണ്ടു തന്നെ നവീന വികസന പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ ഏറ്റെടുക്കുക എന്നതായിരുന്നു ലക്ഷ്യം.
കേന്ദ്ര പദ്ധതിയായ സ്വദേശ് ദര്‍ശനില്‍ ഉള്‍പ്പെടുത്താനായി മുന്‍ എം.പി ഇന്നസെന്റാണ് ഈ പദ്ധതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുന്ന ടൂറിസം കേന്ദ്രങ്ങളില്‍ ആകര്‍ഷകവും വിപുലവുമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, സൈക്ലിങ്ങിനും മറ്റുമുള്ള സൗകര്യങ്ങള്‍ ഒരുക്കുക, വഴിയോര വിശ്രമ കേന്ദ്രങ്ങള്‍, പാര്‍ക്കിങ് സൗകര്യം, താമസ സൗകര്യം എന്നിവ പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നു. പദ്ധതി ആദ്യം സമര്‍പ്പിച്ചത് അന്നത്തെ കേന്ദ്ര ടൂറിസം മന്ത്രിയായിരുന്ന മഹേഷ് ശർമക്കാണ്. വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കാനും സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശം നൽകിയിരുന്നു. പീന്നീട് തുടര്‍പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി.