മൂവാറ്റുപുഴ: കവിത എഴുതുന്നതിനൊപ്പം മട്ടുപ്പാവ് കൃഷിയിലും ഒരു കൈ നോക്കുകയാണ് വാഴപ്പിള്ളി ചാരുതയിൽ സിന്ധു ഉല്ലാസ്. വീടിന് ചുറ്റുമുള്ള 10 സെന്റ് പുരയിടത്തിലും ടെറസിലും തന്റെ വീട്ടിലേക്ക് ആവശ്യമുള്ളവ സ്വയം കൃഷി ചെയ്തെടുക്കുകയാണ്. കാച്ചിൽ, ചേമ്പ്, ചേന, ചെറുകിഴങ്ങ്, ഇഞ്ചി, മഞ്ഞൾ എന്നിവക്കൊപ്പം തന്റെ ചെറിയ ടെറസിൽ പച്ചക്കറി കൂടി കൃഷി ചെയ്യുന്നുണ്ട് സിന്ധു. നിരവധി ഗ്രോ ബാഗുകളിലായി പച്ചമുളക്, തക്കാളി, വെണ്ട, വഴുതന, ചീര എന്നിവയാണ് കൃഷി ചെയ്തു വരുന്നത്.
കുടുംബത്തിന് ആവശ്യമുള്ള പച്ചക്കറികൾ ഈ കൃഷിയിൽ നിന്ന് കിട്ടാറുണ്ടെന്ന് സിന്ധു പറയുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകയായ സിന്ധു പരിഷത്ത് ഉൽപന്നമായ കിച്ചൻ ബിന്നിൽ ജൈവമാലിന്യങ്ങൾ സംസ്കരിച്ചുണ്ടാക്കുന്ന വളമാണ് ഉപയോഗിക്കുന്നത്. വീടിന് ചുറ്റും പേര, റമ്പൂട്ടാൻ, മാവ്, പ്ലാവ്, സപ്പോട്ട ഇരുമ്പൻപുളി, ഓറഞ്ച്, പലതരം വാഴകൾ, പാഷൻ ഫ്രൂട്ട്, പൂച്ചെടികൾ ഇല ചെടികൾ എന്നിവയും നട്ടുവളർത്തുന്നുണ്ട്. വിഷരഹിതമായ പച്ചക്കറികൾ ലഭിക്കുന്നത് മാത്രമല്ല മണ്ണിൽ ഇറങ്ങുമ്പോൾ മനസ്സിന് ലഭിക്കുന്ന സംതൃപ്തി പറഞ്ഞറിയിക്കാനാകാത്തതാണന്നും അവർ പറയുന്നു. മൂവാറ്റുപുഴ വാഴപ്പിള്ളി ചാരുതയിൽ ഉല്ലാസിന്റെ ഭാര്യയായ സിന്ധു കാലടി സംസ്കൃത സർവകലാശാല ജീവനക്കാരിയാണ്.
താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കൂടിയായ സിന്ധു വായന, സാംസ്കാരിക പ്രവർത്തനങ്ങൾ, യാത്രകൾ എന്നി തിരക്കുകൾക്കിടയിലും കൃഷിയിലും മാതൃകയാകുകയാണ്. സിന്ധുവിന് എല്ലാവിധ പിന്തുണയുമായി പൊതു വിദ്യാഭ്യാസ വകുപ്പ് സീനിയർ സൂപ്രണ്ടായ ഭർത്താവ് ഡി. ഉല്ലാസ് ഒപ്പമുണ്ട്.