മൂവാറ്റുപുഴ: ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് അരുണാചൽ സ്വദേശി മരിച്ച സംഭവം പൊലീസിന്റെ വീഴ്ച മൂലമാണന്ന ആരോപണവുമായി നാട്ടുകാർ. രാത്രി പത്തിന് നടന്ന സംഭവം അറിയിച്ചിട്ടും പൊലീസ് എത്താൻ താമസിച്ചന്നും പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നുമാണ് ആരോപണം. മരിച്ച അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസിനെ മർദിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുമ്പോഴും നെഞ്ചിലും തലയിലും മർദനമേറ്റത് തന്നെയാണ് മരണമെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് വാളകം സ്വദേശികളായ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വാളകത്ത് ഹോട്ടലിൽ ഒപ്പം ജോലി ചെയ്ത യുവതിയുടെ വീട്ടിൽ രാത്രിയെത്തിയ ഇയാൾ വീട്ടിൽ ബഹളം വച്ച് കൈയിലും വസ്ത്രത്തിലും രക്തവുമായി ഓടിയെത്തുകയായിരുന്നുവെന്നും സംഭവത്തിൽ സംശയം തോന്നി തടഞ്ഞുനിർത്തി ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് നാട്ടുകാർ പറയുന്നത്. കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെ ഇയാൾ ഓടിപ്പോവുകയായിരുന്നെന്നും പറയുന്നു. നാട്ടുകാർ പിടികൂടുന്നതു വരെ ഈ പരിക്ക് മാത്രമേ ഇയാൾക്ക് ഉണ്ടായിരുന്നുള്ളൂവെന്നും ഉയരമുള്ള ക്ഷേത്രമതിൽ ഉൾപ്പെടെ ചാടിയപ്പോൾ ഉണ്ടായ വീഴ്ചയിൽ ആയിരിക്കും ഗുരുതര പരിക്കേറ്റതെന്നും നാട്ടുകാർ വിശദീകരിക്കുന്നു. ഓടിപോകാതിരിക്കാനാണ് തൂണിൽ പിടിച്ചുകെട്ടിയതെന്നും നാട്ടുകാർ പറയുന്നു. ചോരയൊലിപ്പിച്ചിരിക്കുന്ന ഇയാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ വൈകിയെന്നും നാട്ടുകാർ ആരോപിക്കുന്നു.