പള്ളിക്കര: കിഴക്കമ്പലം സെക്ഷന്റെ കീഴിലെ അമ്പലപ്പടി, പെരിങ്ങാല, പാടത്തിക്കര, പോത്തിനാം പറമ്പ്, അധികാരി മൂല, പിണർ മുണ്ട പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം തുടർക്കഥ. രാത്രിയിലും പകലും ഇടക്ക് വൈദ്യുതി പോകുകയാണ്. ലോഡ് കൂടുമ്പോൾ ട്രിപ്പ് ആകുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് വൈദ്യുതി ബോർഡ് പറയുന്നത്.
വെള്ളിയാഴ്ച രാത്രി എട്ടിന് ശേഷം പോയ വൈദ്യുതി രാത്രി 12 ഓടെയാണ് തിരിച്ചുവന്നത്. ചൂട് ശക്തമായതിനെ തുടർന്ന് ജനം ദുരിതം അനുഭവിക്കുമ്പോഴാണ് വൈദ്യുതി കൂടി ഇല്ലാതാകുന്നത്. റമദാനായതിനാൽ പള്ളികളിൽ രാത്രി നമസ്കാര സമയങ്ങളിൽ ഉൾപ്പെടെ ജനം ബുദ്ധിമുട്ടുകയാണ്. പലപ്പോഴും പകൽ സമയത്തും ഒരു മണിക്കൂറിൽ തന്നെ പല പ്രാവശ്യം വൈദ്യുതി പോകുന്നുണ്ട്. കിഴക്കമ്പലം സെക്ഷന് പുക്കാട്ടുപടി മുതൽ പാടത്തിക്കര പാരിഷ് ഹാൾ വരെ വരുന്ന പ്രദേശത്ത് കീഴിൽ 21,000 കണകഷനുണ്ട്. നിരവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും വില്ല പ്രോജക്ടുകളും നടക്കുന്ന പ്രദേശവും കൂടിയാണിത്. വരും നാളുകളിൽ പ്രതിസന്ധി രൂക്ഷമാകും. തുടർന്ന് പുത്തൻകുരിശിന് കീഴിൽ വരുന്ന ബ്രഹ്മപുരം ഫീഡറിലേക്ക് കുറച്ച് കണക്ഷൻ മാറ്റി നൽകി നോക്കിയെങ്കിലും പ്രതിസന്ധിക്ക് പരിഹാരമായില്ല. കിഴക്കമ്പലം ഫീഡറിനെ രണ്ടാക്കി മാറ്റി കിഴക്കമ്പലം ടൗൺ അടങ്ങുന്ന പ്രദേശം ഉൾപ്പെടെ ഒരു ഫീഡറും പെരിങ്ങാല അടങ്ങുന്ന പ്രദേശം മറ്റൊരു ഫീഡറും ആക്കുന്നതിന് അനുമതി ലഭിച്ചങ്കിലും ഫണ്ടിന്റെ അപര്യാപ്തത മൂലം അടുത്ത സാമ്പത്തിക വർഷം മാത്രമേ പരിഗണിക്കാനാകൂ എന്നാണ് പറയുന്നത്.
ഇതിനിടയിൽ കരിമുകൾ, പെരിങ്ങാല പ്രദേശങ്ങൾ ചേർത്ത് പുതിയ വൈദ്യുതി ബോർഡിന്റെ സെക്ഷൻ ആരംഭിച്ചാൽ ഈ മേഖലയിലെ വോൾട്ടേജ് ക്ഷാമവും വൈദ്യുതി മുടക്കവും പരിഹരിക്കാൻ കഴിയൂ.