കൊച്ചി: ശബരിമല ക്ഷേത്രത്തിന് സ്വത്തായുള്ളത് 227.824 കിലോ സ്വർണാഭരണങ്ങളും 2994.230 കിലോ വെള്ളിയുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പൗരാണിക ഉരുപ്പടികൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇവയുടെ മൂല്യം കണക്കാക്കിയിട്ടില്ല. ക്ഷേത്രത്തിന് സ്ഥിര നിക്ഷേപമായിട്ടുള്ളത് 41.74 ലക്ഷം രൂപയാണ്.
രത്നം, വജ്രം, മരതകം തുടങ്ങിയവയുടെ മൂല്യം തിട്ടപ്പെടുത്തിയിട്ടില്ല. കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കണക്കുകളുള്ളത്. അതേസമയം, ഓരോ സീസണിലും 200 മുതൽ 250 കോടി വരെ ഭണ്ഡാര വരവുള്ള ശബരിമലയിൽ കേവലം 41.74 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപമേയുള്ളൂവെന്ന വിവരം ഞെട്ടിക്കുന്നതാണെന്ന് ഹരിദാസ് പറഞ്ഞു.
ക്ഷേത്രത്തിന് പൗരാണികമായും അല്ലാതെയും ലഭിച്ച ഭൂസ്വത്തുക്കളുടെ കണക്കും മൂല്യവും ഹൈകോടതി നിർദേശപ്രകാരം സർവേ നടത്തിക്കൊണ്ടിരിക്കുകയാണ്. ആ വിവരം ഹൈകോടതിയിൽ സമർപ്പിച്ചശേഷമേ ഭൂസ്വത്തുക്കളുടെ വിവരം വെളിപ്പെടുത്താനാകൂവെന്നും മറുപടിയിലുണ്ട്.
ഗുരുവായൂർ ക്ഷേത്രത്തിന് 1737 കോടിയുടെ സ്ഥിര നിക്ഷേപമുണ്ടെന്ന വിവരം മുമ്പ് പുറത്തുവന്നിരുന്നു.