മൂവാറ്റുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയ പാതയോരത്തെ വാളകം കവലയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ബാങ്കിലും എ.ടി.എമ്മിലും മോഷണ ശ്രമം. എ.ടി.എം ഭാഗികമായി തകർത്തു. ബാങ്കിന്റെ ജനൽ ചില്ലുകളും മുൻ വശത്തെ ഷട്ടറും തകർക്കാൻ ശ്രമം നടന്നങ്കിലും അകത്തു കയറാനായില്ല. തിങ്കളാഴ്ച പുലർച്ച ഒന്നിനും രണ്ടിനും ഇടയിലാണ് സംഭവം.
കല്ല് ഉപയോഗിച്ച് എ.ടി.എം ഇടിച്ചുതകർക്കുകയായിരുന്നു. ഇതോടെ എ.ടി.എമ്മിന്റെ കുറെ ഭാഗം പൂർണമായി തകർന്ന നിലയിലാണ്. പണം നഷ്ടപ്പെട്ടിട്ടില്ല. എ.ടി.എമ്മിലെ കാമറ നീക്കം ചെയ്ത നിലയിലാണ്. കാമറകളിൽ ഒന്ന് ബാങ്കിന് പുറകുവശത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാളകത്ത് എസ്.ബി.ഐ ബാങ്കും എ.ടി.എമ്മും ഒരേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്
തിങ്കളാഴ്ചരാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ് എ.ടി.എം തകർന്ന നിലയിൽ കണ്ടത്. മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
എ.ടി.എമ്മിലെ നശിപ്പിക്കാത്ത കാമറയിൽ നിന്നും സി.സി ടി. വിദൃശ്യങ്ങളിൽ നിന്നും മോഷ്ടാവിനെകുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ഒരാളാണ് കവർച്ച ശ്രമത്തിനു പിന്നിലെന്നാണ് സൂചന. മോഷണ ശ്രമത്തെ തുടർന്ന് തിങ്കളാഴ്ചബാങ്ക് പ്രവർത്തിച്ചില്ല. ജനവാസ കേന്ദ്രത്തിനു നടുവിൽ നടന്ന മോഷണശ്രമം ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.