വൈപ്പിൻ: പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കുമിഞ്ഞുകൂടുമ്പോഴും നായരമ്പലം മാർക്കറ്റിൽ മാലിന്യ സംസ്കരണത്തിനായി സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് നോക്കുകുത്തിയായി തുടരന്നു. വൃത്തിഹീന അന്തരീക്ഷത്തിലാണ് മാംസവും മത്സ്യവും വിൽക്കുന്നത്. മാർക്കറ്റിൽനിന്ന് മോശമല്ലാത്ത വരുമാനം ഉണ്ടാക്കുന്ന പഞ്ചായത്ത് ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് കച്ചവടക്കാരുടെ പരാതി. മാലിന്യ സംസ്കരണത്തിന് വർഷങ്ങൾക്കു മുമ്പ് ലക്ഷങ്ങൾ മുടക്കി സജ്ജമാക്കിയ ബയോഗ്യാസ് പ്ലാന്റാണ് കാട്പിടിച്ചുകിടക്കുന്നത്. മുൻ ഭരണസമിതിയുടെ കാലത്ത് സമരം നടത്തിയവർ അധികാരത്തിൽ എത്തിയശേഷം ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബയോടെകിനായിരുന്നു പ്ലാന്റ് നിർമാണത്തിന്റെയും ഒരു വർഷം നടത്തിപ്പിന്റെയും ചുമതല. അതിനുശേഷം പഞ്ചായത്ത് പ്ലാന്റ് ഏറ്റെടുക്കും എന്നായിരുന്നു ധാരണ. എന്നാൽ, തങ്ങൾക്കുണ്ടായ ചില അധിക ചെലവുകളുടെ പേരിൽ ബയോടെക് നടത്തിപ്പിന് തയാറായില്ല. പഞ്ചായത്ത് അധികൃതർ ഇത് സംബന്ധിച്ച് നടപടികൾ സ്വീകരിച്ചതുമില്ല. ഇടക്കാലത്ത് പ്ലാന്റ് പ്രവർത്തന സജ്ജമാക്കിയെങ്കിലും പിന്നീട് കാര്യങ്ങൾ പഴയപടിയായി.
ദിനംപ്രതി 100 കണക്കിനാളുകളാണ് ഇവിടെ മാംസവും മത്സ്യവും വാങ്ങാനെത്തുന്നത്. അറവുശാലയിൽ നിന്നുള്ള മാലിന്യങ്ങളും മീനിന്റെ അവശിഷ്ടങ്ങളും തള്ളുന്നത് തോട്ടിലാണ്. ഇതിലേറെയും ഒഴുകിപ്പോകാതെ അവിടെത്തന്നെ കിടക്കും. മാർക്കറ്റിലെ മാലിന്യം ഒഴിവാക്കാൻ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.