കടുങ്ങല്ലൂർ: ജല അതോറിറ്റിയുടെ പൈപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് മുപ്പത്തടം പ്രദേശത്ത് മാസങ്ങളായി തുടരുന്ന പൊടിശല്യം ജനജീവിതം ദുഷ്കരമാക്കുന്നു. കടുങ്ങല്ലൂർ പഞ്ചായത്തിൽ ആഴ്ചകളോളം കുടിവെള്ളം വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട് പ്രതിഷേധം നടന്നിരുന്നു. കുടിവെള്ള വിതരണം പുനഃസ്ഥാപിച്ച് വരികയാണ്.
എന്നാൽ, പൊടിശല്യത്തിന് ഒരു പരിഹാരവുമില്ല. റോഡ് കുഴിച്ചതിന്റെ ഭാഗമായി മുപ്പത്തടം മില്ലുപടി മുതൽ മുപ്പത്തടം കവല വരെയും പൊലീസ് സ്റ്റേഷൻ റോഡിലും പരിസരത്തും രൂക്ഷമായ പൊടിശല്യമാണ്. നൂറുക്കണക്കിന് കച്ചവടക്കാരും താമസക്കാരും ഇതുമൂലം ബുദ്ധിമുട്ടുകയാണ്.
പൊടിശല്യം ചൂണ്ടിക്കാണിച്ച് പ്രതിഷേധമുയർന്നപ്പോൾ റോഡ് നനക്കുന്നതിനായി ടാങ്കർ ലോറികൾ ഏർപ്പാട് ചെയ്തിരുന്നു. നിലവിൽ കച്ചവടക്കാരിൽ പലരും റോഡിലേക്ക് പലപ്പോഴായി വെള്ളം തളിക്കുകയാണ്.
മുപ്പത്തടം പ്രദേശത്തെ നല്ലൊരു ശതമാനം പേർക്കും ശ്വാസകോശ സംബന്ധമായ അസുഖം വർധിക്കുകയാണ്. പൈപ്പ് പണികളിലെ അശാസ്ത്രീയത തുടക്കം മുതൽ വിവാദമായിരുന്നു. റോഡ് ടാർ ചെയ്യുന്നതുവരെ പൊടിശല്യം സഹിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ.
റോഡ് പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, തുടർനടപടികൾ ഒന്നുമായിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പണി തുടങ്ങിയില്ലെങ്കിൽ ഇപ്പോഴങ്ങും ടാറിങ് നടക്കില്ല. തുടർന്നുവരുന്ന കാലവർഷംകൂടി കഴിഞ്ഞിട്ടേ പണി ആരംഭിക്കാനിടയുള്ളൂ. അടിയന്തര പരിഹാരം കാണണമെന്ന് പ്രദേശവാസികളും കച്ചവടക്കാരും ആവശ്യപ്പെടുന്നു.