പറവൂർ: നഗരസഭ പത്താം വാർഡ് വെടിമറയിലെ മാലിന്യ സംഭരണകേന്ദ്രത്തിൽ വർഷങ്ങളായി കുന്നുകൂടിയ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള ബയോ മൈനിങ് വൈകുന്നത് നഗരവാസികളിൽ ഭീതി വളർത്തുന്നു.
150 ഓളം ടൺ മാലിന്യം ഇവിടെ കെട്ടിക്കിടക്കുന്നതായാണ് നിഗമനം. വേനൽ കടുത്തതോടെ തീപിടിത്ത ഭീഷണി നിലനിൽക്കുന്നു. നേരത്തെ ഇവിടത്തെ മാലിന്യത്തിന് തീപിടിച്ചിരുന്നു. ലോക ബാങ്ക് സഹായത്തോടെ കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രോജക്ടാണ് ഇവിടെ ബയോ മൈനിങ് നടപ്പാക്കുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ ബയോ മൈനിങ് പൂർത്തിയാക്കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല. നഗരസഭയുടെ നിരന്തര ഇടപെടൽ മൂലം ഡിസംബർ 15ന് കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രതിനിധികൾ മാലിന്യ സംഭരണ കേന്ദ്രം സന്ദർശിച്ചിരുന്നു.
തുടർന്ന് 21ന് ഡ്രോൺ സർവേ ആരംഭിച്ചു. പിന്നീട് നടപടികൾ മന്ദഗതിയിലായി. മണ്ണ് പരിശോധന, സാമൂഹികാഘാത പഠനം, പരിസ്ഥിതി ആഘാത പഠനം എന്നിവ പൂർത്തിയാക്കാനുണ്ട്. ജനവരിയിൽ ബയോ മൈനിങ് പൂർത്തിയാക്കുമെന്ന അവകാശവാദവും പൊളിഞ്ഞിരിക്കുകയാണ്. നഗരസഭ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.
മൂന്ന് ഏക്കർ വരുന്ന മാലിന്യ സംഭരണ കേന്ദ്രത്തിലെ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ സംസ്കരിച്ച് സ്ഥലം നിരപ്പാക്കിയെടുക്കേണ്ടതുണ്ട്. നിലവിൽ പ്ലാസ്റ്റിക്കും ജൈവ മാലിന്യങ്ങളും ഇടകലർന്ന് കിടക്കുകയാണ്.
ബ്രഹ്മപുരത്തിന് സമാനമായ തീപിടിത്ത ഭീഷണിയാണ് ഇവിടെയുള്ളത്. നേരത്തെ തീപിടിച്ചപ്പോൾ ഏഴ് യൂനിറ്റുകളിൽ നിന്നും പത്തോളം അഗ്നിശമന സേനയുടെ വാഹനങ്ങൾ എത്തിയാണ് തീ അണച്ചത്. അന്ന് നഗരാതിർത്തിയിലും സമീപ പഞ്ചായത്തുകളിലും വിഷപ്പുക നിറഞ്ഞ് പലർക്കും ശ്വാസ തടസ്സവും ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായി.