കൊച്ചി: തങ്ങൾക്കെതിരെ ചേർപ്പ് പൊലീസ് രജിസ്റ്റർ ചെയ്ത നിക്ഷേപത്തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പി എന്ന സ്ഥാപനത്തിന്റെ ഉടമകൾ ഹൈകോടതിയെ സമീപിച്ചു. ഹൈറിച്ച് ഉടമകളായ കെ.ഡി. പ്രതാപൻ, ഭാര്യ ശ്രീന എന്നിവർ സമർപ്പിച്ച ഹരജി തിങ്കളാഴ്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് പരിഗണിക്കും.
സാങ്കൽപികമായ ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള പരാതി പ്രകാരമാണ് ബഡ്സ് ആക്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതെന്നാണ് ഹരജിക്കാരുടെ വാദം. കമ്പനിയുടെ പ്രവർത്തനം എന്താണെന്ന് മനസ്സിലാക്കാതെയാണ് ആരോപണം. നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ബഡ്സ് ആക്ട് ബാധകമാകൂ. തൃശൂർ സെഷൻസ് കോടതിയിൽ വത്സൻ എന്നയാൾ നൽകിയ സ്വകാര്യ അന്യായത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഇ.ഡി തങ്ങൾക്ക് പിന്നാലെയാണെന്നും ഹരജിയിൽ പറയുന്നു. ഇക്കാരണത്താൽ എഫ്.ഐ.ആർ റദ്ദാക്കണമെന്നാണ് ഹൈറിച്ച് ഉടമകൾ ആവശ്യപ്പെട്ടത്.