പറവൂർ: കാവടി ഘോഷയാത്രക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 10,000 രൂപ പിഴയും. പുതുവൈപ്പ് കുളങ്ങര വീട്ടിൽ ജസ്റ്റിനെയാണ് (53) പറവൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.കെ. സുരേഷ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകാനും കോടതി ഉത്തരവിട്ടു.
2023 ഫെബ്രുവരി 22ന് പുതുവൈപ്പിലാണ് കേസിനാസ്പദമായ സംഭവം. ഞാറക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് എസ്.ഐ വന്ദന കൃഷ്ണനാണ്. പ്രോസിക്യൂഷൻ എട്ട് സാക്ഷികളെ വിസ്തരിച്ചു. 13 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്കുമാർ, അഡ്വ. നിവ്യ ജോർജ് എന്നിവർ ഹാജരായി.