കൊച്ചി: രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നാഴികക്കല്ലാകുന്ന 4000 കോടിയുടെ മൂന്ന് വൻകിട പദ്ധതികൾ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. കൊച്ചിൻ ഷിപ്യാർഡിൽ 1799 കോടി ചെലവിട്ട് നിർമിച്ച പുതിയ ഡ്രൈ ഡോക്ക്, 970 കോടി ചെലവിട്ട് ഒരുക്കിയ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രമായ ഐ.എസ്.ആർ.എഫ്, കൊച്ചി പുതുവൈപ്പിൽ 1236 കോടി ചെലവിട്ട് ഐ.ഒ.സിയുടെ കീഴിൽ പുതിയ എൽ.പി.ജി ഇറക്കുമതി ടെർമിനൽ എന്നിവയാണ് പ്രധാനമന്ത്രി നാടിന് സമർപ്പിക്കുന്ന പദ്ധതികൾ.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥക്ക് ഗുണം ചെയ്യാൻ പദ്ധതികളിലൂടെ സാധിക്കുമെന്ന് കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിയുടെ സെക്രട്ടറി ടി.കെ. രാമചന്ദ്രൻ, അഡീ. സെക്രട്ടറി രാജേഷ് കുമാർ സിൻഹ, കൊച്ചിൻ ഷിപ്യാർഡ് സി.എം.ഡി മധു എസ്. നായർ എന്നിവരും പങ്കെടുത്തു.