കോതമംഗലം: സദാചാര അക്രമവും പിടിച്ച് പറിയും നടത്തിയ കേസിൽ രണ്ടുപേർ പൊലീസ് പിടിയിലായി. മൂവാറ്റൂപുഴ പുന്നമറ്റം കോട്ടക്കുടി ഷമീർ (42), മൂവാറ്റൂപുഴ മാർക്കറ്റ് പള്ളത്ത് കടവിൽ നവാസ് (39) എന്നിവരെയാണ് കോതമംഗലം പൊലീസ് ഇൻസ്പെക്ടർ പി.ടി. ബിജോയിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കേസിന് ആസ്പദമായ സംഭവം.
കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശിയായ യുവാവും പെൺ സുഹൃത്തും ബൈക്കിൽ യാത്ര ചെയ്യുമ്പോൾ സംഘം തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയും യുവാവിനെ മർദിക്കുകയുമായിരുന്നു. ആക്രമത്തിൽ യുവാവിന്റെ കാൽമുട്ടിന് പൊട്ടലും സാരമായ പരിക്കുകളും സംഭവിച്ചു. യുവാവിന്റെ പണവും യു.എ.ഇ ലൈസൻസ്, എ.ടി.എം കാർഡ് അടങ്ങിയ ബാഗ് എന്നിവ സംഘം തട്ടിയെടുത്തു. അന്വേഷണത്തിൽ ബാഗും രേഖകളും നവാസിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ ആൽബിൻ സണ്ണി, എ.എസ്. റെജി, എ.എസ്.ഐ എസ്. സലി, സി.പി.ഒമാരായ നിയാസ്, ഷെഫീഖ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.