ഫോർട്ട്കൊച്ചി: സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവിനെച്ചൊല്ലി തർക്കവും പ്രതിഷേധവും. രോഗികളിൽ പലരും ക്യൂവിൽ കാത്തുനിന്ന് ഡോക്ടർമാർ ഇല്ലെന്നറിഞ്ഞതോടെ മടങ്ങി. രോഗികൾ മടങ്ങിയ സാഹചര്യത്തിൽ മഹാത്മ സാംസ്കാരിക വേദി നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മഹാത്മ പ്രവർത്തകർ ആശുപത്രിയിൽ എത്തിയപ്പോൾ സൂപ്രണ്ടും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. തുടർന്ന് ആർ.എം.ഒയുമായി ചർച്ച നടത്തി.
നിലവിൽ ജോലി ഭാരം കൂടുതലാണെന്നും ഇത് പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ആർ.എം.ഒ പറഞ്ഞതായി പ്രതിഷേധക്കാർ പറഞ്ഞു. ഫോർട്ട്കൊച്ചി സ്വദേശിനിയായ വീട്ടമ്മ കീമോ കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ എടുക്കണ്ട കുത്തിവെപ്പ് നഴ്സുമാരുടെ അനാസ്ഥകൊണ്ട് താമസിച്ചത് മൂലം അണുബാധയുണ്ടായതായും പ്രതിഷേധക്കാർ ആരോപിച്ചു. ആരോഗ്യമന്ത്രിക്കും ഡി.എം.ഒക്കും പരാതികൊടുക്കുമെന്നും മഹാത്മ പ്രവർത്തകർ പറഞ്ഞു.
പ്രതിഷേധത്തിന് വേദി ചെയർമാൻ ഷമീർ വളവത്ത്, ആർ. ബഷീർ, മൻസൂർ അലി, സി.ഇ. സിയാദ് കെ.ബി. ജബ്ബാർ, ഹസീന നൗഷാദ്, സംജാദ് ഈരവേലി, അംജു കൊച്ചങ്ങാടി എന്നിവർ നേതൃത്വം നൽകി.