പറവൂർ: ഹെറോയിനുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ. അസം കാംപൂർ സ്വദേശി അയ്ജുൽ ഹക്ക് (34) ആണ് പറവൂർ പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് വിൽപ്പനക്കായി കൊണ്ടുവന്ന പത്ത് ഡപ്പി ഹെറോയിൻ കണ്ടെടുത്തു. മന്ദം ജാറപ്പടി ഭാഗത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. പൊലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഒരുമിച്ച് വാങ്ങി ചെറിയ അളവുകളിലാക്കിയാണ് വിൽപ്പന. ഒരു ഡപ്പി രണ്ടായിരം രൂപക്കാണ് വിറ്റിരുന്നത്.
ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐമാരായ പ്രശാന്ത് പി. നായർ, ഷാഹുൽ ഹമീദ്, സീനിയർ സി.പി.ഒമാരായ ഷെറിൻ ആൻറണി, ടി.എ. അൻസാർ, കൃഷ്ണലാൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.