കളമശ്ശേരി: കായിക അടിസ്ഥാന വികസനത്തിന് സ്പോർട്സ് കേരള ഫൗണ്ടേഷൻ കൊച്ചി സർവകലാശാല ഗ്രൗണ്ടിൽ 10 കോടി ചെലവിൽ നടപ്പാക്കുന്ന വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കരാർ പുനഃപരിശോധിക്കണമെന്നാശ്യം ഉയരുന്നു. സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടറേറ്റ് ഡയറക്ടറും സർവകലാശാല രജിസ്ട്രാറും ഒപ്പിട്ട ധാരണാപത്രം വിദ്യാർഥികളുടെ കായികപ്രവർത്തനങ്ങളെ ബാധിക്കുമെന്നും സർവകലാശാലയുടെ അംഗീകാരത്തെ ബാധിക്കാനിടയുണ്ടെന്നുമുള്ള അക്കൗണ്ടന്റ് ജനറൽ ഓഡിറ്റ് റിപ്പോർട്ടിനെ തുടർന്നാണ് കരാർ പുനഃപരിശോധിക്കണമെന്നാശ്യം ഉയർന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊച്ചിൻ യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയൻ വി.സിക്ക് കത്തുനൽകി. 400 മീറ്റർ സിന്തറ്റിക് അത്ലറ്റിക് ട്രാക്ക്, നാച്വറൽ ഫുട്ബാൾ ടർഫ് 400 മീറ്റർ സിന്തറ്റിക് അത്ലറ്റിക് ട്രാക്ക്, നാച്വറൽ ഫുട്ബാൾ ടർഫ്, ഫിറ്റ്നസ് സെന്റർ, ഗാർഡനിങ് ആൻഡ് ലാൻഡ്സ്കേപ്പിങ്, ക്രിക്കറ്റ് പ്രാക്ടീസ് പിച്ചുകൾ എന്നിവയുടെ നിർമാണമാണ് ധാരണാപത്രം. എന്നാൽ, ധാരണാപത്രം അനിശ്ചിത കാലത്തേക്കുള്ളതാണ്, അസാധാരണമായ ഒരു അവസാനിപ്പിക്കൽ ക്ലോസും ഇല്ല. ധാരണാപത്രം അനുസരിച്ച് സൃഷ്ടിച്ച പരിസരം, കളി മൈതാനം മുതലായവ പരിപാലിക്കേണ്ടത് സർവകലാശാലയുടെ ഉത്തരവാദിത്തമാണ്.
സ്പോർട്സ് ഫൗണ്ടേഷൻ കേരള സൃഷ്ടിക്കുന്ന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള എല്ലാ ആവർത്തിച്ചുള്ള ചെലവുകളും വൈദ്യുതി, മനുഷ്യശേഷി, മറ്റ് അനുബന്ധ അറ്റകുറ്റപ്പണികൾ എന്നിവയും ഇതിൽ വസ്തു നികുതി അടക്കുന്നതും ഉൾപ്പെടുന്നു. ഭാവി ബാധ്യത വിലയിരുത്താൻ ഡി.പി.ആർ തയാറാക്കുകയോ പഠനം നടത്തുകയോ ചെയ്തിട്ടില്ല.
ധാരണാപത്രം അനുസരിച്ച്, വികസിപ്പിച്ച വസ്തുവിന്റെ ഉടമസ്ഥതയും നിയന്ത്രണവും സ്പോർട്സ് ഫൗണ്ടേഷനിൽ നിക്ഷിപ്തമായതിനാൽ, വസ്തുവിന്റെ മേൽ പൂർണ നിയന്ത്രണം അവകാശപ്പെടാൻ സർവകലാശാലക്ക് കഴിയില്ല. റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച നിരീക്ഷണവും എതിർപ്പുകളും അതിഗൗരവമുള്ളതാണ്. ഗ്രൗണ്ടിന്റെ പദവി മാറ്റുന്നത് സർവകലാശാലയുടെ നിലനിൽപിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതിനാൽ സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ വികസനത്തിനായി ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് വെൽഫെയർ ഡയറക്ടറും കുസാറ്റ് രജിസ്ട്രാറും ഒപ്പുവെച്ച ധാരണാപത്രം പിൻവലിക്കാനും യൂനിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവ് വരുന്ന സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കാനും എംപ്ലോയീസ് യൂനിയൻ ആവശ്യപ്പെടുന്നു.